ആലുവ: രാത്രി ഗുണ്ടസംഘങ്ങൾ ഏറ്റുമുട്ടി. പറവൂർ കവലയിലാണ് സായുധരായ ഗുണ്ടകൾ ഭീകരാന്തരീക്ഷം തീർത്തത്. ശനിയാഴ്ച രാത്രി 10.30 മുതൽ 11.30 വരെയാണ് 15ഓളം ഗുണ്ടകൾ ചേരിതിരിഞ്ഞ് സംഘർഷത്തിലേർപ്പെട്ടത്. ഒരു മണിക്കൂറിലേറെ ഗുണ്ടാസംഘങ്ങൾ ആയുധങ്ങളുമായി അഴിഞ്ഞാടി. പറവൂർ കവലയിലെ ബാറിന് മുന്നിലായിരുന്നു സംഘർഷം. ജീവനക്കാർ ചെറുത്തുനിന്ന് ഇവരെ ബാറിനു മുന്നിൽനിന്ന് അകറ്റി. തുടർന്നായിരുന്നു പാതയോരത്ത് ഏറെനേരം തല്ലുണ്ടായത്. തല്ലുകൊണ്ട് റോഡിൽ വീണയാളുടെ മേൽ വാഹനം കയറ്റാനും ശ്രമമുണ്ടായി.
സംഘട്ടനം കണ്ടവർ പലതവണ വിളിച്ചുപറഞ്ഞിട്ടും പൊലീസ് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. സായുധരായ 15 അംഗ സംഘത്തെ നേരിടാൻ 11.40 ആയപ്പോൾ രണ്ട് പൊലീസുകാരെത്തി. അപ്പോൾത്തന്നെ മടങ്ങുകയും ചെയ്തു. അക്രമി സംഘം പിന്നീട് ഇവിടെനിന്ന് പോവുകയും ചെയ്തു. രാത്രി ഗുണ്ടകളുടെ ആക്രമണമുണ്ടാകുന്നത് ആലുവയിൽ പതിവാണ്. നഗരത്തിലും സമീപങ്ങളിലും ഗുണ്ടകളും ലഹരി ഇടപാടുകാരും അഴിഞ്ഞാടുകയാണ്. രാത്രി പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബാറുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഗുണ്ടകൾ അഴിഞ്ഞാടുന്നത്. ഇവർ പലപ്പോഴും ഹോട്ടലുകൾക്കുനേരെ ആക്രമണം നടത്താറുണ്ട്. രാത്രി വൈകി ഹോട്ടലുകളിലെത്തി പണം ആവശ്യപ്പെടുന്നത് പതിവാണ്.
ചിലർ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ പോകാറുമുണ്ട്. നിർബന്ധിച്ച് പണം ആവശ്യപ്പെട്ടാൽ ആക്രമണം നടത്തുകയാണ് ഇവരുടെ രീതി. വെള്ളിയാഴ്ച രാത്രി ഒരാൾ കൊച്ചിൻ ബാങ്ക് കവലയിലെ ഹോട്ടലിലെത്തി ജീവനക്കാരെ മർദിച്ച് പണം തട്ടിയെടുത്തിരുന്നു. കൊച്ചിൻ ബാങ്ക് ജങ്ഷനിൽ പ്രവർത്തിക്കുന്ന സനാന ഹോട്ടൽ ജീവനക്കാരായ വിക്രം (24), ഗുൽജിത് (35) എന്നിവർക്കാണ് മർദനമേറ്റത്. രാത്രി 11.45ന് മദ്യപിച്ചെത്തിയ ഒരാൾ പാത്രം കഴുകുകയായിരുന്ന ജീവനക്കാരൻ വിക്രമിനോട് പണം ആവശ്യപ്പെടുകയായിരുന്നു. നൽകാതിരുന്നതോടെ അക്രമി വിക്രമിന്റെ മുഖത്തടിച്ചു. സമീപത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനായ ഗുൽജിത് ഇത് ചോദ്യം ചെയ്തതോടെ അയാളെ ചവിട്ടി താഴെയിട്ടു. തുടർന്ന് ക്രൂരമായി മർദിച്ചശേഷം പണം തട്ടിയെടുത്ത് കടന്നുകളഞ്ഞു. കുറച്ചുനാൾ മുമ്പ് പുളിഞ്ചോട് കവലയിലെ ഹോട്ടലിൽ ഗുണ്ടസംഘം ആക്രമണം നടത്തിയിരുന്നു. ഭക്ഷണം വാങ്ങിയപ്പോൾ പണം ചോദിച്ച ഉടമയെ ക്രൂരമായി മർദിക്കുകയും ഹോട്ടൽ അടിച്ചുതകർക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.