മറയൂർ: മോഷണം തുടർക്കഥയാകുന്ന മറയൂർ മേഖലയിൽ ജനം ആശങ്കയിൽ. ഏതാനും ആഴ്ചകൾക്കിടെ മറയൂർ കോളനിയുടെ ഒന്നര കിലോമീറ്റർ ചുറ്റുവട്ടത്തെ ഏഴ് വീടുകളിൽ നിന്നായി 50 പവനിലധികം ആഭരണമാണ് മോഷ്ടിത്. സ്വർണം കിട്ടാത്ത വീടുകളിൽ നിന്ന് ഗൃഹോപകരണങ്ങളും മോഷ്ടിച്ചു.
ഒറ്റരാത്രിയിലാണ് രണ്ട് വീടുകൾ കുത്തിപ്പൊളിച്ച് ഒരു വീട്ടിൽ നിന്ന് 25 പവനും തൊട്ടടുത്ത വീട്ടിൽ നിന്ന് കാൽപ്പവനും ഡയമണ്ടും ഉൾപ്പെടെ വീട്ടുപകരണങ്ങളും കവർന്നത്.
മറയൂർ പത്തടിപ്പാലം കോളനിയിലെ സെൽവകുമാറിന്റെ വീട്ടിൽ നിന്നാണ് 25 പവൻ മോഷ്ടിച്ചത്. സമീപത്തെ റിട്ട. എസ്.ഐ ജെയിംസിന്റെ വീട്ടിൽ കയറിയ മോഷ്ടാക്കൾ ടോർച്ച്, വാം ഹീറ്റർ, കാറിന്റെ പാർട്സ്, ഡയമണ്ട് കല്ലുകൾ, കാൽപവനും കവർന്നു. കഴിഞ്ഞ വെള്ളിയാഴ്ച മറയൂർ പുതച്ചിവയലിൽ ഭാരതി ദാസന്റെ വീട്ടിൽ നിന്ന് ഒമ്പത് പവനും രണ്ട് കിലോ വെള്ളിയും ഉൾപ്പെടെ ആഭരണങ്ങൾ മോഷണം പോയിരുന്നു. ഇതിന് പുറമെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഒരു വീട്ടമ്മയുടെ അഞ്ച് പവൻ സ്വർണവും ഉറങ്ങിക്കിടന്ന മറ്റൊരു വീട്ടമ്മയുടെ ഏഴ് പവന്റെ ഊരിക്കൊണ്ടുപോയി. രണ്ടാഴ്ചയ്ക്കു മുമ്പ് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയിരുന്നു.
ഇത്രയും മോഷണങ്ങളിൽ ഒരു പ്രതിയെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞത്. മറയൂർ എസ്.എച്ച്.ഒ പി.ടി. ബിജോയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇടുക്കിയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മോഷണം നടന്ന വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചു. സമീപത്തെ വീടുകളിലെ സി.സി ടി.വികളിൽനിന്ന് മോഷ്ടാക്കൾ എന്ന് സംശയിക്കുന്ന മൂന്ന് യുവാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംശയിക്കുന്നവർ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.