കൊല്ലം: ഉത്രയെ കൊലപ്പെടുത്താന്‍ മൂന്നുതവണയാണ് സൂരജ് പാമ്പിനെ ഉപയോഗിച്ചത്. ആദ്യ രണ്ടുതവണ ശ്രമം വിജയിച്ചില്ല. മൂന്നാം തവണ കുപ്പിയിലാക്കി ബാഗിൽ സൂക്ഷിച്ചാണ് സൂരജ് ഉത്രയുടെ വീട്ടിലെത്തിയത്. രാത്രി ഉത്രക്ക് ജ്യൂസ് നൽകിയശേഷം ഉറങ്ങുന്നതുവരെ കാത്തുനിന്നു.
ഉത്ര ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം കുപ്പിയിൽനിന്ന് പാമ്പിനെ എടുത്ത് കട്ടിലിലേക്ക് ഇട്ടു. പാമ്പ് ഉത്രയുടെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങിയതല്ലാതെ കടിച്ചില്ല. മൂന്നാമതും ശ്രമം വിഫലമാകുകയാണെന്ന് കണ്ട സൂരജ്, പാമ്പിനെ കൈയിലെടുത്തശേഷം ഉത്രയുടെ കൈയിൽ കടിപ്പിച്ചു. പാമ്പിനെ കൈകാര്യം ചെയ്യുന്നതിന് സൂരജ് കൃത്യമായ പരിശീലനം നേടിയിരുന്നു. കൃത്യത്തിനുശേഷം പാമ്പിനെ അലമാരയ്ക്കുള്ളിലേക്ക് വിട്ടു. പാമ്പിനെ പിന്നീട് അലമാരയ്ക്കുള്ളിൽനിന്നുതന്നെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കൃത്യത്തിനുശേഷം സൂരജ് ഉത്രക്കൊപ്പം കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് സാധാരണപോലെ പുറത്തിരുന്ന് കാപ്പി കുടിക്കുകയും ചെയ്തെന്നാണ് ഉത്രയുടെ മാതാപിതാക്കൾ അന്വേഷണസംഘത്തിന് നൽകിയ മൊഴി. ഏറെ വൈകിയിട്ടും ഉത്ര ഉണരാത്തതിനെതുടർന്ന് മാതാപിതാക്കൾ വിളിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
ആദ്യം ഒരു അണലിയെ വിലയ്ക്കുവാങ്ങി ആരും കാണാതെ അതിനെ പറക്കോട്ടെ വീടിെൻറ കോണിപ്പടിയിൽ ഉപേക്ഷിച്ചു. പിന്നീട് ഉത്രയോട് മുകളിലെ മുറിയിൽനിന്ന് ഫോൺ എടുത്തുകൊണ്ടു വരാൻ പറഞ്ഞു. ഫോൺ എടുക്കാൻ പോയ ഉത്ര പാമ്പിനെ കണ്ട് നിലവിളിച്ചു.
പദ്ധതി പാളിയപ്പോൾ പാമ്പിനെ പിടിച്ച് ചാക്കിലാക്കി പുറത്തേക്ക് കൊണ്ടുപോയി. ഉപേക്ഷിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയ ഇതേ പാമ്പിനെ ഉപയോഗിച്ചാണ് 2020 മാർച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചതെന്ന് അന്വേഷണസംഘം പറയുന്നു. അന്ന് വീട്ടുകാർ ഓടിച്ചെന്നതിനാൽ പെട്ടെന്നുതന്നെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 55 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞു. ആ സമയത്താണ് മൂർഖനെ ആയുധമാക്കാൻ തീരുമാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.