കൊച്ചി: ഓൺലൈൻ ഷോപ്പിക്ക് പുറമെ ക്രിപ്റ്റോ കറന്‍സി, ഒ.ടി.ടി പ്ലാറ്റ്ഫോം എന്നിവയുടെ മറവിലും ഹൈറിച്ച് ഉടമകൾ വൻതട്ടിപ്പ് നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ക്രിപ്റ്റോ കറൻസിയുടെയും മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെയും മറവിൽ ഹൈറിച്ച് ഉടമകള്‍ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. 1157 കോടി രൂപ സമാഹരിച്ച ഉടമകള്‍ ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റി. 500 ശതമാനം വരെ വാര്‍ഷികലാഭം വാഗ്ദാനം ചെയ്തായിരുന്നു എച്ച്.ആര് ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്.
23, 24 തീയതികളില്‍ ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിലാണ് നിര്‍ണായക വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചത്. നിക്ഷേപകരെ വഞ്ചിച്ച് 1157.32 കോടി രൂപയാണ് ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യ ശ്രീനയും സമാഹരിച്ചത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്കീമിന്റെ പേരില്‍ അംഗത്വഫീസ് എന്ന പേരിലായിരുന്നു ധനസമാഹരണം. അക്കൗണ്ട് രേഖകളിൽ ഇത് രേഖപ്പെടുത്തിയത് പലചരക്ക് വാങ്ങുന്നതിനുള്ള അഡ്വാൻസ് എന്ന നിലയിലാണ്. 1157 കോടിയില്‍ 1138 കോടി എച്ച്.ആര് കോയിന് എന്ന പേരിലാണ് രേഖപ്പെടുത്തിയിരുന്നത്.
ഇത്തരത്തില്‍ സമാഹരിച്ച തുകയുടെ ഒരു വിഹിതം അംഗങ്ങള്‍ക്ക് കമീഷനായി നൽകി. ശേഷിച്ച തുക മറ്റ് പല ഇടപാടുകളിലേക്ക് വകമാറ്റിയതായും ഇ.ഡി കണ്ടെത്തി. ക്രിപ്റ്റോ കറൻസിയാണ് ഇതിലൊന്ന്.
ഹൈറിച്ച് സ്മാർടെക് എന്ന കമ്പനിയുടെ പേരിലായിരുന്നു ഈ ഇടപാട്. 2022- 23 സാമ്പത്തിക വർഷം ക്രിപ്റ്റോ കറന്‍സിക്കായി സമാഹരിച്ചത് 20 കോടിയാണ്. 2023-24 സാമ്പത്തിക വർഷം എട്ടുലക്ഷവും സമാഹരിച്ചു. ക്രിപ്റ്റോ ഇടപാടിലെ നിക്ഷേപകർക്ക് 15 ശതമാനം പലിശയായിരുന്നു വാഗ്ദാനം.
നിക്ഷേപം നടത്തുന്നവര്‍ക്ക് ടോക്കണ്‍ കൈമാറും. ഇത് ഉപയോഗിച്ച് മണി എക്സ്ചേഞ്ചുകളില്‍ ട്രേഡിങ് നടത്താമെന്നും വാഗ്ദാനം ചെയ്തു. ഇതുവരെ ഒരു എക്സ്ചേഞ്ചിലും എച്ച്.ആര് ക്രിപ്റ്റോ ഉപയോഗിച്ച് വ്യാപാരം നടന്നിട്ടില്ലെന്ന് ഇ.ഡി കണ്ടെത്തി.
കോടികളാണ് പ്രതാപന് -ശ്രീന ദമ്പതികളുടെയും കമ്പനികളുടെയും പേരിലുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നത്. നാല് ബാങ്കുകളിലായി ഉണ്ടായിരുന്ന 30 അക്കൗണ്ടുകളില്‍ 76 കോടിയും രണ്ട് ബാങ്കിലായി 135 കോടിയുടെ സ്ഥിരനിക്ഷേപവും കണ്ടെത്തി. ഇവയാണ് ഇ.ഡി മരവിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.