മുംബൈ: പ്രായപൂർത്തിയാകാത്ത ഒരാളുടെ കൈ പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നത് ലൈംഗിക പീഡനത്തിന് തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടി 28കാരനെ പോക്സോ കോടതി കുറ്റവിമുക്തനാക്കി.
2017ൽ 17കാരിയായ പെൺകുട്ടിയുടെ കൈപിടിച്ച് പ്രണയാഭ്യർഥന നടത്തിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ലൈംഗിക ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ തക്ക തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക പോക്സോ കോടതി പ്രതിയെ വെറുതെ വിട്ടത്.
പ്രതി അവളെ നിരന്തരം പിന്തുടരുകയോ, ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയോ അല്ലെങ്കിൽ കുട്ടിയെ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ ബലപ്രയോഗം നടത്തുകയോ ചെയ്തതായി തെളിവുകളൊന്നുമില്ലെന്ന് വിധി പ്രസ്താവിക്കവെ കോടതി നിരീക്ഷിച്ചു.
'കുറ്റം ചെയ്തിട്ടുണ്ടെന്ന് സംശയാതീതമായി തെളിയിക്കാൻ തക്കവണ്ണമുള്ള തെളിവുകൾ കൊണ്ടുവരാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതിനാൽ, സംശയത്തിന്‍റെ ആനുകൂല്യത്തിൽ കുറ്റവിമുക്തനാക്കുന്നു' -കോടതി പറഞ്ഞു.
കുട്ടികളുടെ കൈപിടിക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ലെന്ന് കോടതി വിധി പ്രസ്താവിക്കുന്നത് ഇതാദ്യമല്ല. പാന്‍റ് അഴിച്ച് കുട്ടിയുടെ കൈപിടിച്ചത് ലൈംഗിക അതിക്രമമായി കാണാനാകില്ലെന്ന് ബോംബെ ഹൈകോടതിയാണ് വിധിച്ചത്. കേസിൽ 50കാരനെ കുറ്റവിമുക്തനാക്കിയിരുന്നു.
പാന്‍റ് അഴിച്ച് കുട്ടിയുടെ കൈപിടിച്ചത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി കുട്ടിയുടെ മാതാവാണ് പരാതി നൽകിയിരുന്നത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് കൂടെ കിടക്കാൻ വേണ്ടി ക്ഷണിച്ചതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.