തിരുവല്ല: തിരുവല്ലയിലെ തോട്ടഭാഗത്ത് രണ്ടുദിവസം മുമ്പ് ഗൃഹപ്രവേശം നടന്ന വീട്ടിൽനിന്ന് 23 പവന്റെ ആഭരണങ്ങളും 65,000 രൂപയും കവർന്നു. വിദേശ മലയാളിയായ തോട്ടഭാഗം ഇട്ടുവരുത്തിയിൽ കുന്നുംപുറത്ത് വീട്ടിൽ ഷാജി ചാക്കോയുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്. വീടിന്റെ പിൻവശത്തെ മുറിയുടെ ജനാല കുത്തിത്തുറന്ന് അലമാരയിൽ ഇരുന്നിരുന്ന ബാഗുകളിൽനിന്നാണ് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്.
ജനാലയുടെ പാളി കുത്തിത്തുറന്ന മോഷ്ടാക്കൾ സ്വർണാഭരണം അടക്കം സൂക്ഷിച്ച ഇരുമ്പ് അലമാര ജനാലക്ക് അരികിലേക്ക് വലിച്ചടുപ്പിച്ച ശേഷം അലമാരയുടെ മുകളിൽവെച്ചിരുന്ന താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം നടത്തിയത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ഷാജിയുടെ ഭാര്യ ദീപ മുറിയിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഷാജിയും ഭാര്യ ദീപയും മകളും വീടിന്റെ ഒന്നാംനിലയിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്.
താഴത്തെ മുറിയിൽ ഷാജിയുടെ മാതാപിതാക്കൾ ഉണ്ടായിരുന്നു. ഇവർ കിടന്നിരുന്ന മുറിക്ക് സമീപത്തെ മുറിയിലാണ് മോഷണം നടന്നത്. വീടിന്റെ ഒന്നാംനിലയുടെ പോർട്ടിക്കോയുടെ പുറത്തുനിന്നുള്ള വാതിൽ കുത്തിത്തുറക്കാൻ മോഷ്ടാക്കൾ ശ്രമിച്ചുണ്ട്. ഇത് പരാജയപ്പെട്ടതോടെയാണ് താഴത്തെ നിലയിലെ മുറിയുടെ ജനാല കുത്തിത്തുറന്ന് മോഷണം നടത്തിയത്.
തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. രാവിലെ 11മണിയോടെ പത്തനംതിട്ടയിൽനിന്നുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം ഊർജിതമാക്കിയതായി ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.