കട്ടപ്പന: ഇരുപതേക്കർ താലൂക്ക് ആശുപത്രി അറ്റൻഡറെ മർദിച്ചുവെന്ന പരാതിയിൽ കട്ടപ്പന, വലിയപാറ സ്വദേശി ശരത് രാജീവിനെ (19) അറസ്റ്റ് ചെയ്തു. കട്ടപ്പന താലൂക്ക് ആശുപത്രി ഗ്രേഡ് 2 അറ്റൻഡറായ തൊടുപുഴ സ്വദേശി വി.പി. രജീഷിനാണ് പരിക്കേറ്റത്.
വീണ് പരിക്കേറ്റ തന്റെ സുഹൃത്തിന് ആവശ്യപ്പെട്ട പ്രകാരം ചികിത്സ നൽകിയില്ലെന്ന് ആരോപിച്ചാണ് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റൻഡറെ യുവാവ് അക്രമിച്ചത്. മുഖത്തും കാലിനും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. വീണ് പരിക്കേറ്റ യുവാവുമായി വെള്ളിയാഴ്ച് വൈകീട്ട് നാല് യുവാക്കൾ ആശുപത്രിയിൽ എത്തിയിരുന്നു. ചികിത്സ നൽകി മുറിവ് ഡ്രസ് ചെയ്താണ് അധികൃതർ പറഞ്ഞയച്ചത്. എന്നാൽ, ബാൻഡേജ് ഒട്ടിച്ചത് ശരിയായില്ലെന്നും വീണ്ടും ബാൻഡേജ് ഒട്ടിക്കണമെന്നും ആവിശ്യപ്പെട്ട് ശരത്തും പരിക്കേറ്റ സുഹൃത്തും ശനിയാഴ്ച്ച ഉച്ചയോടെ ആശുപത്രിയിൽ എത്തി. അറ്റൻഡർ രജീഷിന്റെ അടുത്തെത്തി മുറിവിൽ വേറെ ബാൻഡേജ് ഒട്ടിക്കണമെന്ന് ആവശ്യപ്പെട്ടു. ഒ.പി ചീട്ട് എടുക്കാതെ ബാൻഡേജ് ഒട്ടിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ശരത്ത് ബഹളംവെക്കുകയും അറ്റൻഡറെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ സഹപ്രവർത്തകരാണ് രജീഷിനെ രക്ഷിച്ചത്.
കട്ടപ്പന പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് എത്തിയ എസ്.ഐ കെ. ദിലീപ് കുമാറും സംഘവും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയതിനും സർക്കാർ ജീവനക്കാരനെ മർദിച്ചതിനുമാണ് കേസ്. ജീവനക്കാരനെ മർദിച്ചതിൽ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.