കണ്ണൂർ: ആയിക്കര മത്സ്യ മാർക്കറ്റിനടുത്ത് ഹോട്ടലുടമ ജസീറിന്റെ കൊലയുമായി ബന്ധപ്പെട്ട് പ്രതികൾ പിടിയിലായത് മണിക്കൂറുകൾക്കകം. കണ്ണൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് കേസിലെ രണ്ട് പ്രതികളെയും സംഭവം നടന്ന് ഉടൻ പിടികൂടിയത്.
സമീപത്തെ കടകളിലെയടക്കം സി.സി.ടി.വി പരിശോധിച്ചപ്പോൾ, പ്രതികൾ കൃത്യം നടത്തിയതിനുശേഷം ഓടിരക്ഷപ്പെടുന്ന ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉരുവച്ചാൽ സ്വദേശി ഹനാൻ, ആദികടലായി സ്വദേശി റബീഹ് എന്നിവരെ പിടികൂടുന്നത്. തിങ്കളാഴ്ച അർധരാത്രി 12.30ഓടെ ആയിക്കര മത്സ്യ മാർക്കറ്റിനടുത്തായിരുന്നു സംഭവം. പ്രതികൾ സംഭവസ്ഥലത്ത് ബൈക്കിലായിരുന്നു ഉണ്ടായിരുന്നത്.
ഈ സമയത്ത് ഇവിടെയെത്തിയ ജസീർ കാർ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട് പ്രതികളുമായി പെട്ടെന്നുണ്ടായ വാക്കുതർക്കവും കൈയാങ്കളിയുമാണ് കൊലയിലേക്ക് നയിച്ചതെന്ന് സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു. ഇതിൽ റബീഹ് ആയുധംകൊണ്ട് ജസീറിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതെന്ന് പൊലീസ് അറിയിച്ചു.
ഹനാൻ മർദിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. പ്രതികൾ എന്തിന് അർധരാത്രിയിൽ ആയുധവുമായി ഇവിടെ എത്തിയെന്നത് അന്വേഷിക്കും. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും ആർ. ഇളങ്കോ പറഞ്ഞു.
പ്രതികൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നതും കൊല മദ്യലഹരിയിലാണോ എന്ന കാര്യവും അന്വേഷണത്തിലാണെന്ന് കമീഷണർ അറിയിച്ചു. ജസീറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംഭവസമയത്ത് കൂടെയുണ്ടായിരുന്ന, ജസീറിന്റെ സുഹൃത്ത് അഭീഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ പ്രതികളായവർ ലഹരിക്കടിമകളാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
കൊലയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോ. ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഹോട്ടലുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ല അധ്യക്ഷൻ കെ. അച്യുതൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.