വടക്കഞ്ചേരി: പന്നിയങ്കരയിൽ കുടുംബനാഥനെ ആക്രമിച്ച് പണവും സ്വർണവും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് പന്നിയങ്കര പുതിയേടത്ത് സാം പി. ജോണിനെയും ഭാര്യ ജോളിയെയും ആക്രമിച്ച് ആറംഗസംഘം സ്വർണവും പണവും കവർന്നത്. 25 പവൻ സ്വർണവും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത്.
ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കെ.എൽ 11 രജിസ്ട്രേഷനിലുള്ള ചാരകളർ ഹോണ്ട സിറ്റി കാർ ഈ പ്രദേശത്ത് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ആറംഗസംഘം വീടിന് മുൻവശത്ത് മാരകായുധങ്ങളുമായി നിലയുറപ്പിച്ചശേഷം ബൈക്കിൽ ഹോണടിക്കുകയായിരുന്നു. ഹോണടി കേട്ട് വാതിൽ തുറന്ന ഉടൻ തന്നെ സാമിനെ വീടിനുള്ളിലേക്ക് തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച സാമിന്റെ മുഖത്ത് ഇരുമ്പ് കട്ടകൊണ്ട് ഇടിച്ച് കീഴ്പ്പെടുത്തി കെട്ടിയിട്ടു. സാമിന്റെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. മുഖത്ത് സാരമായ പരിക്കുണ്ട്. വടിവാളും കത്തിയും മഴുവും തുടങ്ങിയ മാരകായുധങ്ങളുമായാണ് ആക്രമിസംഘം എത്തിയത്. എല്ലാവരും കൈയിൽ ഗ്ലൗസും മുഖം മൂടിയും ധരിച്ചിരുന്നു. സംഭവ സ്ഥലം വടക്കഞ്ചേരി സി.ഐ എ. ആദംഖാൻ, എസ്.ഐ കെ.വി. സുധീഷ് കുമാർ എന്നിവർ സന്ദർശിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. അക്രമിസംഘം ഉപേക്ഷിച്ച കത്തിയും ഗ്ലൗസും കണ്ടെത്തി.
നാല് വിരലടയാളവും ലഭിച്ചു. ഉപേക്ഷിക്കപ്പെട്ട ഗ്ലൗസിൽ മണം പിടിച്ച പൊലീസ് നായ് വീടിന് പുറകിലെ പറമ്പിലൂടെ ഓടി ദേശീയപാതയോരത്ത് വന്ന് നിന്നു. വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന്റെ പ്ലഗ് ഊരിയിട്ട നിലയിലും കണ്ടെത്തി. സമാനമായ സംഭവം രണ്ട് മാസം മുമ്പ് കൊല്ലങ്കോട് ഭാഗത്തും ഉണ്ടായതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.