ഹൈദരബാദ്: ആദ്യം വിവാഹമോചിതരായ സമ്പന്ന യുവതികളെ കണ്ടെത്തും, പിന്നീട് ഇവരുടെ വിശ്വാസം നേടിയെടുത്ത് ലക്ഷങ്ങൾ കൈക്കലാക്കി കടന്നുകളയുകയും... ഏഴ് വിവാഹങ്ങൾ ചെയ്ത് ഭാര്യമാരുടെ പണവുമായി മുങ്ങിയ ശിവ ശങ്കർ എന്ന ആന്ധ്ര സ്വദേശിക്കെതിരെയാണ് യുവതികളുടെ പരാതി. ഇയാളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
എഞ്ചിനീയറിങ് ബിരുദധാരിയാണെന്നും ഐ.ടി കമ്പനിയിൽ രണ്ട് ലക്ഷം രൂപ ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും സ്വയം പരിചയപ്പെടുത്തിയാണ് ശിവശങ്കർ ഈ തട്ടിപ്പെല്ലാം നടത്തിയത്. മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് യുവതികളെ കണ്ടെത്തിയത്. പല കാരണങ്ങൾ പറഞ്ഞ് പണം തട്ടിയിരുന്ന ഇയാൾ ഒരേ പട്ടണത്തിൽ തന്നെ ഒരേ സമയം മൂന്ന് ഭാര്യമാരുമായി താമസിച്ചിരുന്നു. എന്നാൽ, യുവതികൾക്ക് ഇയാളുടെ തട്ടിപ്പ് മനസിലായിരുന്നില്ല.
ഒരു പ്രൊജക്ടിന്‍റെ ഭാഗമായി അമേരിക്കയിൽ പോകണമെന്ന് ഇയാൾ ഒരു ഭാര്യയോട് പറഞ്ഞിരുന്നു. അവരെയും കൂടെ കൊണ്ടുപോകാമെന്ന് പറയുകയും ഇതിനായി ഭാര്യയുടെ ജോലി രാജി വെപ്പിക്കുകയും ചെയ്തു. ചിലവിനായി ഇവരുടെ പക്കൽ നിന്ന് ലക്ഷങ്ങളാണ് വാങ്ങിയത്. എന്നാൽ, യാത്ര അനന്തമായി വൈകി. തുടർന്ന് വീട്ടുകാർ കാരണം അന്വേഷിക്കുകയും പണം തിരികെ ചോദിക്കുകയും ചെയ്തതോടെ ശിവശങ്കർ സ്ഥലം വിട്ടു. യുവതിയുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടപ്പോൾ അവരെ അറിയില്ലെന്നാണ് ശിവശങ്കർ പറഞ്ഞത്. ഭാര്യയായി പുതിയ ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തുകയും ചെയ്തു.
ഇയാളുടെ തട്ടിപ്പിൽ കുടുങ്ങിയതായിരുന്നു ഈ സ്ത്രീയും. പൊലീസിൽ പരാതിപ്പെട്ട യുവതി ഇവരോട് സംസാരിച്ചപ്പോഴാണ് ഇവരും വിവരമറിയുന്നത്. കൂടുതൽ അന്വേഷണത്തിലാണ് ശിവശങ്കർ ഏഴ് കല്യാണം കഴിച്ചിട്ടുണ്ടെന്ന് അറിയുന്നത്. തട്ടിപ്പിനിരയായ മിക്ക സ്ത്രീകളും ഹൈദരാബാദ് സ്വദേശികളാണ്. ആന്ധ്രയിലും തെലങ്കാനയിലും പല പൊലീസ് സ്റ്റേഷനുകളിൽ ശിവശങ്കറിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.