റോഡിൽ വെച്ച് ഇങ്ങനെയൊരു നീതി നടപ്പാക്കാൻ എങ്ങനെയാണ് കഴിയുക? മതത്തിന്റെ അടിസ്ഥാനത്തിൽ അവർ എങ്ങനെയാണ് ഇത്തരത്തിൽ തല്ലിച്ചതക്കുക? ലൗവ് ജിഹാദ് കേസിൽ തന്റെ മകൻ അറസ്റ്റിലായത് മുതൽ ഈ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുകയാണ് അസം സ്വദേശിയായ രഞ്ജന ബീഗം. ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ് അസമിലെ കാച്ചാർ ജില്ലയിൽ വെച്ച് രഞ്ജന ബീഗത്തിന്റെ മകൻ അലി അഹ്മദ് ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുമുമ്പ്, അതായത് ആഗസ്റ്റ് 15ന് അലിയും സഹപാഠിയായ പെൺകുട്ടിയും റോഡിൽ വെച്ച് സംസാരിച്ചിരുന്നു. അന്ന് രാവിലെ മൂന്ന് ആൺകുട്ടികൾ ഇവർക്കടുത്തെത്തി റോഡിൽവെച്ച് സംസാരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. അലി മുസ്‍ലിമാണെന്ന് മനസ്സിലാക്കിയാണ് അവർ എത്തിയത്.
ഹിന്ദു പെൺകുട്ടിയുമായി മുസ്‍ലിമായ അലി സംസാരിക്കുന്നതായിരുന്നു പ്രശ്നം. നീ മുസ്‍ലിമാണ്. മുസ്‍ലിമായിരിക്കെ ഹിന്ദു പെൺകുട്ടിയോട് റോഡിൽ വെച്ച് സംസാരിക്കുന്നത് എന്തിനാണ്.-എന്ന് ചോദിച്ചു കൊണ്ട് മൂവർ സംഘം അലിയെ മർദിക്കാൻ തുടങ്ങി. ഹിന്ദു പെൺകുട്ടിയോട് സംസാരിക്കുന്നത് വലിയ കുറ്റകൃത്യമാണ് എന്ന നിലക്കായിരുന്നു അവരുടെ ചെയ്തികൾ. തല്ലിച്ചതക്കുമ്പോൾ അലി പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുഖത്തും കൈകാലുകളിലും കഴുത്തിലും എല്ലാം അവർ മർദിച്ചു. പിടിച്ചു തള്ളി. വയറ്റിൽ ചവിട്ടി. മർദനത്തെ തുടർന്ന് അലിയുടെ പല്ലുകൾ പൊട്ടി വായിൽ നിന്ന് രക്തം വന്നു. അതൊന്നും പോരാതെ മരത്തിൽ കെട്ടിയിട്ടും മർദനം തുടർന്നു. താനും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലല്ലെന്ന് ആണയിട്ടെങ്കിലും ആക്രോശങ്ങൾക്കിടയിൽ അത് മുങ്ങിപ്പോയി.-അലി നേരിട്ട മർദനത്തെ കുറിച്ച് അമ്മാവൻ റഹീമുദ്ദീൻ പറയുന്നു.
ബജ്റംഗ് ദൾ പ്രവർത്തകരായിരുന്നു മൂന്നുപേരും. അലിയുടെ സഹപാഠിയും അക്കൂട്ടത്തിലുണ്ടായിരുന്നു. അലിയെ ക്രൂരമായി തല്ലിച്ചതച്ച സംഘം പെൺകുട്ടിയെ സദർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പരാതി നൽകി. അലിയെ പൊലീസ് അറസ്റ്റ് ചെയ്യാൻ അധികം സമയം വേണ്ടി വന്നില്ല. സഹപാഠി അലിയുടെ കുടുംബത്തെ വിവരമറിയിച്ചു. പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് സദർ പൊലീസ് സ്റ്റേഷനിൽ നിന്ന് അലിയുടെ കുടുംബത്തെ വിവരം അറിയിച്ചത്.
അസമിലേക്ക് കുടിയേറിയ ബംഗാളി മുസ്‍ലിം കുടുംബമാണ് അലിയുടെത്. അസമിലെ കാച്ചാർ ജില്ലയിലാണ് അലിയുടെ പിതാവ് ത്വയ്യിബുദ്ദീൻ ചൗധരി ജനിച്ചതും വളർന്നതും. കർഷകനായ അദ്ദേഹം ലോറി ഡ്രൈവറായും ജോലി നോക്കുന്നുണ്ട്.
പൊലീസ് സ്റ്റേഷനിൽ വെച്ച് കൈയാമം വെച്ച മകനെ കണ്ടപ്പോൾ ആ പിതാവ് തകർന്നുപോയി. മകൻ ജയിലിലായതിനു ശേഷം ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരമാണ് അലിയെ അറസ്റ്റ് ചെയ്തത് എന്നാണ് ആദ്യം സ്റ്റേഷനിൽ നിന്ന് അറിയിച്ചത്. അലിയുടെ മൊബൈൽ ഫോണിൽ നിന്ന് സെൻസിറ്റീവ് ഫോട്ടോ കണ്ടെടുത്തുവെന്നാണ് പൊലീസ് നൽകിയ വിശദീകരണം.
ജയിലിൽ വെച്ച് മകനെ കണ്ട കാര്യം രഞ്ജന ക്വിന്റിനോട് വിവരിച്ചു. മുസ്‍ലിമാണ് എന്ന ഒറ്റക്കാരണത്താൽ അവനെ അവർ ജയിലിൽ തല്ലിച്ചതക്കുകയാണ്. വേദന കൊണ്ട് ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ല അവൻ. അവൻ എത്രയും പെട്ടെന്ന് ജയിൽ മോചിതനാകണമെന്നാണ് ആഗ്രഹം.-രഞ്ജന പറയുന്നു.
കെട്ടിച്ചമച്ച കേസാണിതെന്നാണ് അലിയുടെ അഭിഭാഷകൻ അബ്ദുൽ വാഹിദ് പ്രതികരിച്ചത്. മർദിച്ചവർക്കെതിരെ അലിയുടെ കുടുംബം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന്റെ കോപ്പി പോലും പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ജാമ്യം ലഭിക്കാൻ അത് അനിവാര്യമാണെന്നും അഭിഭാഷകൻ പറഞ്ഞു.
അലിയുടെത് ഒറ്റപ്പെട്ട സംഭവമല്ല. അസമിൽ നിരവധി മുസ്‍ലിംകൾ ലൗവ് ജിഹാദിന്റെ പേരിൽ ജയിലിൽ കഴിയുന്നുണ്ട്. ലൗവ് ജിഹാദിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുമെന്ന് ഈ മാസാദ്യം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.