മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; ട്രഷറി ജീവനക്കാരിൽനിന്ന് തുക ഈടാക്കി നിക്ഷേപകന് നൽകി

കണ്ണൂർ: സ്ഥിരം നിക്ഷേപങ്ങൾ പുതുക്കണമെന്ന് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ട്രഷറി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അവ പുതുക്കാത്തത് കാരണം നിക്ഷേപകന് നഷ്ടപ്പെട്ട പലിശ, ജീവനക്കാരിൽനിന്ന് ഈടാക്കിനൽകി. മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് സബ് ട്രഷറി ഓഫിസറുടെ നടപടി. ചക്കരക്കല്ല് സബ്ട്രഷറി ഉദ്യോഗസ്ഥർക്കെതിരെ കണ്ണൂർ വാരം സ്വദേശി സമർപ്പിച്ച പരാതിയാണ് തീർപ്പാക്കിയത്. സബ് ട്രഷറിയിൽ 10 ലക്ഷത്തിന്റെയും ഏഴ് ലക്ഷത്തിന്റെയും രണ്ട് സ്ഥിരം നിക്ഷേപങ്ങളാണ് പരാതിക്കാരന് ഉണ്ടായിരുന്നത്. 2020 സെപ്റ്റംബർ ഒമ്പതിനാണ് നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയായത്.

നിക്ഷേപം പുതുക്കേണ്ട ദിവസത്തിന് ശേഷം എത്തിയാൽ മുൻ തീയതി രേഖപ്പെടുത്തി നിക്ഷേപം പുതുക്കിനൽകാമെന്ന് ട്രഷറി ഉദ്യോഗസ്ഥ ഫോണിൽ അറിയിച്ചു. ഇതനുസരിച്ച് 2020 സെപ്റ്റംബർ 17ന് ട്രഷറിയിലെത്തിയ പരാതിക്കാരന്റെ നിക്ഷേപങ്ങൾ 17ാം തീയതി രേഖപ്പെടുത്തിയാണ് പുതുക്കിനൽകിയത്. ഇതിനെതിരെ പരാതിക്കാരൻ കമീഷനെ സമീപിച്ചു. കണ്ണൂരിൽ നടന്ന സിറ്റിങ്ങിൽ കമീഷൻ ചക്കരക്കല്ല് സബ് ട്രഷറി ഓഫിസറെയും പരാതിക്കാരനെയും വിളിച്ചുവരുത്തി. പരാതിക്കാരന് നഷ്ടപ്പെട്ട പലിശ ജീവനക്കാരിൽനിന്ന് ഈടാക്കിനൽകാമെന്ന് ട്രഷറി ഓഫിസർ ഉറപ്പുനൽകി. തുക ലഭിച്ചാൽ പരാതി പിൻവലിക്കാമെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് നഷ്ടമായ പലിശ ബന്ധപ്പെട്ട ജീവനക്കാരിൽനിന്ന് ഈടാക്കി പരാതിക്കാരന്റെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ട്രഷറി ഓഫിസർ അറിയിച്ചു. തുടർന്ന് കേസ് തീർപ്പാക്കി.

Tags:    
News Summary - Human Rights Commission intervened The amount was collected from the treasury employees and given to the investor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.