മുംബൈ: 25കാരിയായ എയർ ഇന്ത്യ പൈലറ്റ് ജീവനൊടുക്കിയത് കാമുകന്റെ തുടർച്ചയായ ശല്യവും പൊതുവിടത്തിലെ പരസ്യമായ അപമാനിക്കലും കാരണമെന്ന് റിപ്പോർട്ട്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരിച്ച സൃഷ്ടി തുലിയുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടെ കാമുകനായ ആദിത്യ പണ്ഡിറ്റ് (27) ഇടപെട്ടിരുന്നു. സസ്യേതര ഭക്ഷണം കഴിക്കരുതെന്ന് ഇയാൾ യുവതിയോട് നിർദേശിച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സൃഷ്ടിയുടെ അമ്മാവൻ നരേന്ദ്രകുമാർ തുലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
സൃഷ്ടിയെ ആദിത്യ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി സൃഷ്ടിയുടെ അമ്മാവൻ തന്റെ പരാതിയിൽ ആരോപിച്ചതായി പൊവായ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കാറിൽ യാത്ര ചെയ്യുന്നതിനിടെയും റെസ്റ്റോറന്റിൽ കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കുമ്പോഴും ആദിത്യ സൃഷ്ടിയോട് വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. എന്നാൽ ആദിത്യയുമായി കടുത്ത പ്രണയത്തിലായിരുന്ന സൃഷ്ടി ബന്ധം ഉപേക്ഷിക്കാൻ തയാറായില്ല.
തിങ്കളാഴ്ച പുലർച്ചെ ആദിത്യയെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുമെന്നു സൃഷ്ടി പറഞ്ഞിരുന്നു. ഫ്ലാറ്റിന്റെ വാതിൽ പൂട്ടിയിട്ടതിനെ തുടർന്നു പുറത്തുനിന്നൊരാളെ വിളിച്ച് ആദിത്യ വാതിൽ തുറന്നു. അപ്പോഴാണു കാമുകിയെ കേബിൾ വയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അന്ധേരിയിലെ സെവൻഹിൽസ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സൃഷ്ടിയുടെ ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മാവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് ആദിത്യയെ അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശ് സ്വദേശിയായ സൃഷ്ടി കഴിഞ്ഞ ജൂൺ മുതൽ മുംബൈയിലാണു താമസിക്കുന്നത്. രണ്ട് വർഷം മുമ്പ് ഡൽഹിയിൽ കൊമേഴ്‌സ്യൽ പൈലറ്റ് കോഴ്‌സിനു പഠിക്കുന്നതിനിടെയാണ് ആദിത്യയെ പരിചയപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ ആദിത്യയെ നവംബർ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.