നരബലി: പ്രതിയുടെ യാത്ര പുനരാവിഷ്‌കരിച്ച് പൊലീസ്

കൊച്ചി: നരബലിക്കായി മുഖ്യപ്രതി ഷാഫി, കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ സംഭവം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയോടൊപ്പം പൊലീസ് പുനരാവിഷ്‌കരിച്ചത്. സെപ്റ്റംബര്‍ 26ന് രാവിലെ 9.15ന് ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തുവെച്ചാണ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷന്‍ സ്ട്രീറ്റിലേക്ക് പോയി. സ്‌കോര്‍പിയോ കാറുമായി 9.25ഓടെ തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിനു സമീപം കാത്തുനിന്ന പത്മയെ ഇവിടെ നിന്നാണ് വണ്ടിയിൽ കയറ്റി ഇലന്തൂരിലേക്ക് കൊണ്ടുപോയത്.

അതിനിടെ, ഇരട്ടക്കൊലപാതകത്തിന് മുമ്പ് എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഷാഫി തന്നോട് പറഞ്ഞിരുന്നെന്ന് മൂന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ പ്രതികളെ വെവ്വേറെ ചോദ്യം ചെയ്തപ്പോഴാണ് ഒന്നാം പ്രതി ഷാഫിയുടെ മുന്‍കാല ചെയ്തികള്‍ സംബന്ധിച്ച് ലൈലയുടെ മൊഴി.

എറണാകുളത്ത് മറ്റൊരു കൊലപാതകം നടത്തിയതായി ഒരു വര്‍ഷം മുമ്പാണ് ഷാഫി ലൈലയോട് പറഞ്ഞത്. ഇലന്തൂരെ വീടിന്റെ തിണ്ണയിലിരുന്ന് നരബലിയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു ഇത്. കൊലപ്പെടുത്തിയ ശേഷം മനുഷ്യമാംസം വിറ്റെന്നും നല്ല കാശ് കിട്ടിയെന്നും ഷാഫി പറഞ്ഞിരുന്നു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നാണ് ലൈല പൊലീസിന് നല്‍കിയ മൊഴി.

ദമ്പതികളെ വിശ്വസിപ്പിക്കാന്‍ താന്‍ പറഞ്ഞ കള്ളമാണിതെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഷാഫിയുടെ മറുപടി. അതിനിടെ നരബലിക്ക് മുമ്പ് പ്രതികള്‍ കാളിപൂജ നടത്തിയതായി പൊലീസിന് സൂചന ലഭിച്ചു. രണ്ടാമത്തെ നരബലി സമയത്താണ് പ്രതികള്‍ കാളിപൂജ നടത്തിയത്. പത്മയെ കൊലപ്പെടുത്തിയ സമയം തലക്ക് പിന്നിലായി കാളിയുടെ ചിത്രംവെച്ച് അതിന് മുന്നില്‍ വിളക്ക് കത്തിച്ചു. നരബലി ഫലിക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണമെന്ന് ആഭിചാര ഗ്രന്ഥങ്ങളിലുണ്ടെന്നാണ് ഭഗവല്‍ സിങ് ചോദ്യം ചെയ്യലില്‍ മറുപടി നല്‍കിയത്. പ്രതികള്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെന്നും ഏതൊക്കെ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് പരിശോധിച്ച് വരുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.

പത്മയുടെ പൊന്നിൽ കുറവെന്ന് മകൻ

കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ പത്മയുടെ കൂടുതൽ സ്വർണം കണ്ടെടുക്കാനുണ്ടെന്ന് കുടുംബം. ഷാഫി പണയംവെച്ച ആഭരണങ്ങൾ ധനകാര്യ സ്ഥാപനത്തിൽനിന്ന് വീണ്ടെടുത്തെങ്കിലും മോതിരവും താലിയും ഇല്ലെന്ന് പത്മയുടെ മകൻ സേട്ട് മാധ്യമങ്ങളോട് പറഞ്ഞു.

പത്മയുടെ ശരീരത്തിൽനിന്ന് ആറു പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി സഹോദരി പഴയനിയമ്മയും വ്യക്തമാക്കിയിരുന്നു. കൊലപതാകത്തിനുശേഷം ഈ സ്വർണം പണയം വെച്ചെന്നായിരുന്നു ഒന്നാം പ്രതി ഷാഫിയുടെ മൊഴി. തുടർന്ന് പണയരേഖകൾ ഷാഫിയുടെ വീട്ടിൽനിന്ന് കണ്ടെത്തി. ധനകാര്യ സ്ഥാപനത്തിൽ നടത്തിയ തെളിവെടുപ്പിൽ ആഭരണങ്ങൾ വീണ്ടെടുത്തെങ്കിലും എല്ലാം ഇല്ലെന്നാണ് ഇപ്പോൾ ബന്ധുക്കൾ നൽകുന്ന വിവരം.

താലിക്കും മോതിരത്തിനും പുറമെ രണ്ട് വെള്ളി പാദസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. കാണാതായ ബാക്കി ആഭരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അന്ധവിശ്വാസം; നിയമം കൊണ്ടുവരുമെന്ന് സർക്കാർ

കൊച്ചി: അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈകോടതിയിൽ. ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയുടെ പശ്ചാത്തലത്തിലാണ് അടിയന്തരമായി തീരുമാനമെടുത്തതെന്നും വ്യക്തമാക്കി. നിയമനിർമാണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു.

സംസ്ഥാനത്ത് ദുർമന്ത്രവാദവും ആഭിചാരക്രിയകളും തടയാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അടുത്ത കാലത്ത് ദുർമന്ത്രവാദവും ആഭിചാരക്രിയകളും സംബന്ധിച്ച ഒട്ടേറെ പരാതികൾ ഉയർന്നു വന്നതായി ഹരജിയിൽ പറയുന്നു. തടയാനുള്ള ബില്ലുകൾ സർക്കാർ പലതവണ തയാറാക്കിയെങ്കിലും നിയമമാക്കി മാറ്റിയില്ല. ദേവപ്രീതി, സാമ്പത്തിക നേട്ടം, കുടുംബപ്രശ്ന പരിഹാരം തുടങ്ങി പലതിന്‍റെയും പേരിൽ ആളുകൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുകയാണ്.

ഇത്തരം നടപടികൾ തടയാൻ നിയമനിർമാണം ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് പലതവണ നിവേദനം നൽകിയിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. ദുർമന്ത്രവാദങ്ങൾ തടയാൻ ജസ്റ്റിസ് കെ.ടി. തോമസ് സമർപ്പിച്ച നിയമ പരിഷ്കരണ കമീഷൻ റിപ്പോർട്ട് പരിഗണിക്കണം, അരനൂറ്റാണ്ടിനിടെ കാണാതായവരെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം, ആഭിചാര കേന്ദ്രങ്ങൾ കണ്ടെത്താൻ പരിശോധന കർശനമാക്കണം, ആഭിചാരക്രിയകളും ദുർമന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളും ടെലിഫിലിമുകളും തടയണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്.

ഷാഫി മൃതദേഹങ്ങള്‍ വെട്ടിമുറിച്ചത് അറവുകാരനെപ്പോലെ; അവയവ വിൽപന നടന്നിട്ടില്ല

കൊച്ചി: മുഹമ്മദ് ഷാഫി മൃതദേഹങ്ങള്‍ വെട്ടിമുറിച്ചത് അറവുകാരനെപ്പോലെയെന്ന് സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ നിരവധി ശാസ്ത്രീയ, സൈബർ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അവയവ വിൽപന നടന്നിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്.

വൃത്തിയും സുരക്ഷിതവുമായ സാഹചര്യത്തിലാണ് അവയവം പുറത്തെടുക്കുക. കൊലപാതകം നടത്തി അത്തരമൊരു കാര്യം ചെയ്യാനാവില്ല. എന്നാൽ, അവയവ വിൽപന നടത്താമെന്ന് ഷാഫി, മറ്റ് രണ്ട് പ്രതികളെയും വിശ്വസിപ്പിച്ചിട്ടുണ്ടാകാമെന്നും കമീഷണര്‍ പറഞ്ഞു. ഷാഫി കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പറയുന്നുണ്ട്. അവയെല്ലാം മുഖവിലയ്ക്കെടുക്കുന്നില്ല. ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാനാകില്ല. ഷാഫിയുടെ മൊബൈലിൽനിന്ന് ഫേസ്ബുക്ക് വഴിയാണ് ഭഗവല്‍-ലൈല ദമ്പതികളെ പരിചയപ്പെടുന്നത്.

ഫോൺ പരിശോധിച്ചപ്പോൾ സമൂഹമാധ്യമങ്ങളടക്കം കൈകാര്യം ചെയ്യുന്നതില്‍ നല്ല പരിചയമുള്ള ആളാണെന്നാണ് മനസ്സിലാകുന്നത്. ഇയാള്‍ക്ക് പിന്നില്‍ ആരുമില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. അതേസമയം, ആ സാധ്യത തള്ളിക്കളയുന്നില്ല. ഷാഫിയുടെ പഴയകാല ഇടപാടുകളും സുഹൃത്തുക്കളെപ്പറ്റിയും പരിശോധിക്കുന്നുണ്ട്. നിലവിലെ കേസുമായി ഇതിന് ബന്ധമുണ്ടെന്ന് കണ്ടെത്തന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പല കഷണങ്ങളായതുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തീകരിക്കാൻ ഇനിയും താമസമെടുക്കും. പ്രതികളുമായി ഇലന്തൂരിലടക്കം നിരവധിയിടങ്ങളില്‍ തെളിവെടുപ്പിന് പോകേണ്ടതുണ്ടെന്നും കമീഷണര്‍ പറഞ്ഞു.

Tags:    
News Summary - Human Sacrifice: The police investigate accused journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.