മൂവാറ്റുപുഴ: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൂവാറ്റുപുഴ പെരിങ്ങഴയിൽ വാടകക്ക് താമസിച്ചുവന്ന മാറാടി നാരിക്കോട്ടിൽ ഉഷയെ (38) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കൊടക്കാപ്പിള്ളിൽ മധുവിന് (40) മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ദിനേശ് എം. പിള്ളയാണ് ശിക്ഷ വിധിച്ചത്.
2015 മേയ് 28ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മധുവിന്റെ രണ്ടാം ഭാര്യയായിരുന്ന ഉഷ, മൂവാറ്റുപുഴയിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ജോലിക്ക് പോകാതെ കഴിഞ്ഞു വന്ന പ്രതി, ഉഷയുടെ വരുമാനം ധൂർത്തടിക്കുന്ന സ്വഭാവക്കാരനായിരുന്നു. സാമ്പത്തിക കാര്യങ്ങൾ പറഞ്ഞ് നിരന്തരം വീട്ടിൽ പ്രതി വഴക്കുണ്ടാക്കി. സംഭവ ദിവസം രാത്രി 10.30ഓടെ പ്രതി വീട്ടിൽ വഴക്കുണ്ടാക്കുകയും വാക്കത്തിയെടുത്ത് ഉഷയുടെ തലക്കും കഴുത്തിനും വെട്ടുകയും ചെയ്തു. പ്രാണരക്ഷാർഥം ഇറങ്ങിയോടിയ ഉഷ, അയൽവാസിയുടെ വീടിനുമുന്നിൽ കുഴഞ്ഞുവീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പ്രതി വാക്കത്തിയുമായി ഉഷയുടെ പിറകെ വരുന്നതുകണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും പ്രതി കൃത്യസമയത്ത് ധരിച്ചിരുന്ന മുണ്ടിൽനിന്ന് ഉഷയുടെ രക്തക്കറ ഫോറൻസിക് പരിശോധനയിൽ ലഭിച്ചതും കേസിൽ നിർണായകമായി. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും എട്ട് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അഭിലാഷ് മധു ഹാജരായി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം റൂറൽ എ.എസ്.പി ആയിരുന്ന മെറിൻ ജോസഫാണ് കേസ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.