പെരിന്തൽമണ്ണ: ഏലംകുളത്ത് യുവതിയെ കിടപ്പറയിൽ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് (35) ആണ് റിമൻഡിലായത്. വെള്ളിയാഴ്ച രാത്രി ഏലംകുളത്തെ വീട്ടിൽ ഉറങ്ങാൻ കിടന്ന ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏലംകുളം പൂത്രോടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്ന (30) ആണ് സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ നാലിന് ഫഹ്നയുടെ മാതാവ് റമദാൻ അത്താഴത്തിന് എഴുന്നേറ്റപ്പോൾ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നുകിടക്കുന്നതായി കണ്ടു. തുടർന്ന് മുറിയിൽ ചെന്നുനോക്കിയപ്പോഴാണ് ഫഹ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ച് വായില്‍ തുണി തിരുകിയ നിലയിൽ കണ്ടത്. പൊലീസിന്റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചോടെ ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം റഫീഖ് മണ്ണാർക്കാട് ആവണക്കുന്നിലെ വീട്ടിലേക്ക് പോയി. അവിടെനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫഹ്ന ധരിച്ചിരുന്ന രണ്ടു വളയും മാലയും പ്രതിയുടെ വീട്ടിൽനിന്ന് സി.ഐ സി.
അലവിയുടെ നേതൃത്വത്തിൽ പൊലീസ് കണ്ടെടുത്തു. പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി. പ്രതിയെ വൈദ്യപരിശോധന നടത്തി പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഒന്നിന്റെ ചുമതലയുള്ള തിരൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റഫീഖിനെതിരെ കോഴിക്കോട് റെയില്‍വേ പൊലീസിൽ കളവ് കേസും കല്ലടിക്കോട് സ്റ്റേഷന് പരിധിയില്‍ എ.ടി.എമ്മിന് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.