കൊല്ലപ്പെട്ട നാഗരാജുവും ഭാര്യ സുൽത്താനയും

മുസ്ലിം യുവതിയെ വിവാഹം ചെയ്ത ദലിത് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു

ഹൈദരാബാദ്: തെലങ്കാനയിലെ സരൂർനഗറിൽ ദലിത് യുവാവിനെ നഗരമധ്യത്തിൽ വെട്ടിക്കൊലപ്പെടുത്തി. ബില്ലിപുരം നാഗരാജു (26) എന്നയാളാണ് കൊല്ലപ്പെട്ടത്. മൂന്ന് മാസം മുമ്പാണ് നാഗരാജുവും സയിദ് അഷ്റിൻ സുൽത്താന എന്ന യുവതിയും വിവാഹിതരായത്. അഷ്റിൻ സുൽത്താനയുടെ ബന്ധുക്കളാണ് നാഗരാജുവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. നാഗരാജുവും ഭാര്യയും ബൈക്കിൽ പോകവേ സുൽത്താനയുടെ സഹോദരനും ബന്ധുവും ഇവരെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിർത്തിയ ഇവർ കമ്പിവടിയും മൂർച്ചയേറിയ ആയുധവും ഉപയോഗിച്ച് നാഗരാജുവിനെ കൊലപ്പെടുത്തി. ദൃക്സാക്ഷികൾ തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. സാരമായ പരിക്കേറ്റ നാഗരാജു സംഭവസ്ഥലത്തുതന്നെ മരിച്ചു.

രണ്ടുപേരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ, അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്ന് കൊല്ലപ്പെട്ട നാഗരാജുവിന്‍റെ ഭാര്യ സുൽത്താന പറഞ്ഞു.

സ്കൂൾ പഠനകാലം മുതൽക്കേ പരിചയമുള്ളവരായിരുന്നു നാഗരാജുവും സുൽത്താനയും. പട്ടികജാതിയിലെ മാല വിഭാഗക്കാരനാണ് നാഗരാജു. വിവാഹം ചെയ്യാനുള്ള ഇവരുടെ ആഗ്രഹത്തെ സുൽത്താനയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു.

ജനുവരി 31നായിരുന്നു ഇരുവരുടെയും വിവാഹം. സരൂർനഗറിലെ പഞ്ചാല അനിൽകുമാർ കോളനിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. സുൽത്താനയുടെ ബന്ധുക്കൾ പിന്തുടരുന്നുണ്ടെന്ന സൂചനയെ തുടർന്ന് ഇവർ വിശാഖപട്ടണത്തേക്ക് താമസം മാറിയിരുന്നു. പിന്നീട്, അഞ്ച് ദിവസം മുമ്പ് സരൂർനഗറിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.



(അറസ്റ്റിലായ പ്രതികൾ)

 

സുൽത്താനയുടെ സഹോദരൻ സയിദ് മൊബിൻ അഹമ്മദ്, ബന്ധുവായ മസൂദ് അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊലപാതകത്തെ തുടർന്ന് നാഗരാജുവിന്‍റെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 'ജയ് ശ്രീറാം' വിളികളോടെയാണ് പ്രതിഷേധമുണ്ടായത്. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മേഖലയിൽ പൊലീസ് ജാഗ്രതയിലാണ്. 

Tags:    
News Summary - Hyderabad: Dalit Man Beaten to Death for Marrying Muslim Woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.