പാണ്ടിക്കാട്: ടൗൺ പരിസരത്ത് നടന്ന അനധികൃത മദ്യവേട്ടയിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ എക്സൈസ് വിഭാഗം പിടികൂടി. മിനിലോറിയിൽ കടത്തുകയായിരുന്ന 400 കുപ്പിയോളം മദ്യവുമായി പാണ്ടിക്കാട് കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ ശരത് ലാൽ (29), പാറക്കോട്ടിൽ നിതിൻ (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ വള്ളിക്കാപറമ്പ് 19ാം വാർഡിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച ശരത്ലാൽ സജീവ പ്രവർത്തകനുമാണ്. യുവമോർച്ച പ്രവർത്തകനാണ് നിതിൻ. പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയിരുന്ന ഇവരെ എക്സൈസ് വിഭാഗം ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിലൂടെയാണ് പാണ്ടിക്കാട് ഹൈസ്കൂൾ പടിയിലുള്ള പച്ചക്കറി കടയുടെ സമീപത്ത് നിന്ന് പിടികൂടിയത്. പോണ്ടിച്ചേരി, മാഹി എന്നിവിടങ്ങളിൽനിന്നാണ് 200 ലിറ്ററോളം മദ്യം കടത്തിയത്. എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും മഞ്ചേരി റേഞ്ച് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.
പാണ്ടിക്കാട്ടെ വണ്ടൂർ റോഡിലെ സ്വന്തം കടയിലേക്ക് പച്ചക്കറികൾ കൊണ്ടുവരുന്നെന്ന വ്യാജേനയാണ് മദ്യക്കുപ്പികൾ കടത്തിയിരുന്നത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർമാരായ വി.പി. ജയപ്രകാശ്, പി.കെ. മുഹമ്മദ് ഷഫീഖ്, എസ്. മനോജ് കുമാർ, ടി. ഷിജുമോൻ, പ്രിവന്റിവ് ഓഫസർമാരായ വിജയൻ, അബ്ദുൽ വഹാബ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. അരുൺകുമാർ, വി. സുഭാഷ്, വി. സച്ചിൻദാസ്, കെ. അഖിൽദാസ്, സി.ടി. ഷംനാസ്, ടി.കെ. ശ്രീജിത്ത്, എക്സൈസ് ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.