തമിഴ് നാട്ടിൽ അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന അരി, നിറം ചേർത്ത് വിപണിയിലെത്തുമ്പോൾ 40 രൂപ, വിൽപന കേരളത്തിൽ

തമിഴ്‌നാട്ടിലെ വീടുകളിൽ നിന്ന് കിലോയ്ക്ക് അഞ്ചുരൂപ നൽകി ശേഖരിക്കുന്ന അരി ഗോഡൗണികളിലെത്തിച്ച് നിറം ചേർക്കുന്നതോടെ, 40 രൂപയായി ഉയരും. ഇൗ അരി യഥേഷ്ടം വിൽപന നടക്കുന്നത് കേരളത്തിൽ. വൻ ലാഭം ലഭിക്കാൻ തുടങ്ങിയതോടെ ഏറെ​പ്പേരാണ് ഈ രംഗത്ത് ചുവടുറപ്പിച്ചത്. ഇതിന്റെ തെളിവായി അതിർത്തി പ്രദേശത്ത് റേഷൻ അരിക്കടത്ത് സംഘങ്ങൾ തമ്മിൽ സംഘർഷം പതിവാകുകയാണ്. കഴിഞ്ഞ ദിവസം രാത്രി നെടുവാൻവിളയിൽ തമിഴ്‌നാട്ടിൽനിന്ന് റേഷനരിയുമായിയെത്തിയ വാഹനത്തെ തടഞ്ഞ് ഡ്രൈവറെ മർദിച്ചശേഷം വാഹനവുമായി കടന്നതായി പാറശ്ശാല പൊലീസിൽ പരാതി ലഭിച്ചു. നെടുവാൻവിള, ഇഞ്ചിവിള, കൊറ്റാമം പുതുക്കുളം മേഖലകളിലെ ഗോഡൗണുകളിലേക്ക് തമിഴ്‌നാട് റേഷനരിയുമായെത്തുന്ന വാഹനങ്ങളാണ് തട്ടിക്കൊണ്ട് പോകുന്നത്.

തമിഴ്‌നാട്ടിലെ വീടുകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഇവർ ശേഖരിക്കും. ഇത്തരം അരി ശേഖരിച്ച് ഇരുട്ടിന്റെ മറവിൽ കടത്തും. നെടുവാൻവിള, കൊടവിളാകം, നടുത്തോട്ടം, മുണ്ടപ്ലാവിള, വന്യക്കോട് മേഖലകളിൽവെച്ചാണ് ഇത്തരത്തിൽ അരിയുമായി എത്തുന്ന സംഘങ്ങളും തട്ടിപ്പറിക്കുന്ന സംഘങ്ങളും തമ്മിൽ സംഘർഷങ്ങൾ നടക്കുന്നത്. തട്ടിയെടുത്ത വാഹനത്തിലെ അരി ഏതെങ്കിലും ഗോഡൗണുകളിൽ വിൽപ്പന നടത്തിയശേഷം വാഹനത്തെ റോഡരികിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

തമിഴ്‌നാട്ടിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന റേഷനരിയായതിനാൽ പോലീസിൽ പരാതി നൽകാറില്ല. എന്നാൽ ഇപ്പോൾ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം പതിവായതോടെ വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ട് പോയതായി ആരോപിച്ച് ചിലർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇത്തരത്തിൽ അതിർത്തി കടത്തിക്കൊണ്ടുവന്ന റേഷനരിയുടെ വലിയ ശേഖരം ഇക്കഴിഞ്ഞ ആഴ്ച സിവിൽ സപ്ലൈസ് അധികൃതർ പിടികൂടിയിരുന്നു. കേരളത്തിലെ വിപണിയിൽ അരിക്കുള്ള വില വർധനവും ഇക്കൂട്ടർക്ക് അവസരമാവുകയാണ്. അധികൃതർ ജാ​ഗ്രത പാലിച്ചില്ലെന്ന് നിറം പിടിപ്പിച്ച അരിയുടെ വിപണകേന്ദ്രമായി​ കേരളം മാറുമെന്നാണ് വിമർശനം. 

Tags:    
News Summary - Illegal rice smuggling from Tamil Nadu to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.