കണ്ണൂർ: സെൻട്രൽ ജയിലിൽ മയക്കുമരുന്നുകേസ് പ്രതി ടി.സി. ഹർഷാദ് രക്ഷപ്പെട്ട സംഭവത്തിൽ തടവുചാട്ടം ആസൂത്രണം ചെയ്തത് കർണാടകയിലെ മയക്കുമരുന്ന് സംഘമെന്ന് വിവരം. ഹർഷാദ് കർണാടകയിലേക്ക് കടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് തടവുചാടിയത്. പ്രതിയെ കണ്ടെത്തുന്നതിനായി കർണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. അന്വേഷണ സംഘം കർണാടകയിലെത്തി.
അതിനിടെ ജനുവരി ഒമ്പതിന് ഹർഷാദിനെ ജയിലിൽ കാണാനെത്തിയ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. ഇയാളല്ല ബൈക്കിലെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജയിൽചാട്ടം സംബന്ധിച്ച ആസൂത്രണത്തിൽ ഇയാളുടെ പങ്കും അന്വേഷിക്കും.
കർണാടക രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് ഹർഷാദ് രക്ഷപ്പെട്ടത്. ഹെൽമറ്റ് ധരിച്ചയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയാണ് ഹർഷാദിനെ കാത്തുനിന്നത്. ജയിൽ വസ്ത്രത്തിലെത്തിയ പ്രതി ബൈക്കിൽ കയറിയ ശേഷം ഹെൽമറ്റ് ധരിച്ചയാൾ പെട്ടെന്ന് കണ്ണൂർ ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. തളാപ്പ് വഴി താണയിലെത്തി കക്കാട് റോഡിലേക്ക് ബൈക്ക് പോയതും തിരിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമെത്തിയതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ബസ് മാർഗമല്ല പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. സംഭവത്തിൽ ജയിൽ ഡി.ജി.പി റിപ്പോർട്ട് തേടിയിട്ടുണ്ട്. ജയിലധികൃതർക്ക് സുരക്ഷ വീഴ്ചയുണ്ടായ സാഹചര്യത്തിൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ 10 വർഷം തടവാണ് ഹർഷാദിന് ലഭിച്ചത്. 2023 സെപ്റ്റംബർ മുതൽ ഹർഷാദ് തടവുശിക്ഷ അനുഭവിച്ചു വരുകയാണ്. ഞായറാഴ്ച രാവിലെ 6.45ഓടെ പത്രക്കെട്ടുകൾ എടുക്കാനായി ജയിൽ കവാടത്തിലെത്തിയ പ്രതി ഗേറ്റ് ചാടിക്കടന്ന് നടപ്പാതയിൽ ഇരുചക്രവാഹനത്തിൽ കാത്തിരുന്ന ആൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. ജയിലിലെ വെൽഫെയർ ഓഫിസിൽ ജോലി ചെയ്തിരുന്ന ഹർഷാദാണ് ദിനേന മതിൽകെട്ടിനകത്തേക്ക് ഇടുന്ന പത്രക്കെട്ടുകൾ എടുത്തിരുന്നത്. പത്രമെടുക്കാൻ പോയ ആൾ തിരിച്ചുവരാത്തതിനെ തുടർന്ന് ജയിൽ ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് തടവുകാരൻ രക്ഷപ്പെട്ടതായി അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.