ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് രോഗിക്ക് നൽകുവാൻ കമ്പനി ഏജൻറിനുവേണ്ടി ഇടനിലനിന്ന മൂന്നു ജൂനിയർ ഡോക്ടർമാർ കുറ്റക്കാരെന്ന് സൂചന. അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കും. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം മൂന്നാം യൂനിറ്റിലെ മൂന്നു ജൂനിയർ ഡോക്ടർമാർക്കെതിരെയാണ് ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ, െഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്കുമാർ, ഫോറൻസിക് സർജൻ ഡോ. ടി. ദീപു എന്നിവരടങ്ങുന്ന സമിതി അന്വേഷണം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മെഡിക്കൽ കോളജ് അസ്ഥിരോഗത്തിലായിരുന്നു സംഭവം. കുമരകം സ്വദേശി ബാബുവിെൻറ (54) ഭാര്യ ആശയാണ് പരാതിക്കാരി.
വീടിെൻറ മുകളിൽ ഷീറ്റ് ഇടുന്നതിനിടെ കാൽവഴുതി താഴെവീണ് കൈ ഒടിഞ്ഞതിനെ തുടർന്ന് ബാബുവിനെ മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. അടുത്ത ദിവസം ശസ്ത്രക്രിയ നടത്തുവാൻ യൂനിറ്റ് ചീഫ് നിർദേശം നൽകുകയും ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ലിസ്റ്റ് തയാറാക്കുവാൻ ജൂനിയർ ഡോക്ടർമാർക്ക് നിർദേശം നൽകുകയും ചെയ്തു. തുടർന്ന് ഒന്നാംവർഷ പി.ജി വിദ്യാർഥിയായ യുവഡോക്ടർ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ലിസ്റ്റ് ആശയുടെ കൈവശം കൊടുത്തു. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിന്, കമ്പനിയുടെ ഏജൻറ് എത്തുമെന്നും അപ്പോൾ 12,500 രൂപ നൽകി ഉപകരണങ്ങൾ വാങ്ങണമെന്നും പറഞ്ഞു. അതനുസരിച്ച് ആശ ഏജൻറിെൻറ കൈവശം 12000 രൂപ കൊടുക്കുകയും ബാലൻസ് തുകയായ 500 രൂപ അടുത്ത ദിവസം തരാമെന്നും പറഞ്ഞു. ഏജൻറ് 12000 രൂപയുടെ രസീത് നൽകിയശേഷം ശസ്ത്രക്രിയ ഉപകരങ്ങൾ നൽകി മടങ്ങി.
അടുത്തദിവസം ശസ്ത്രക്രിയ അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിനായി ഇവർ കടയിലെത്തി. അപ്പോഴാണ് തലേദിവസം വാങ്ങിയ ഉപകരണങ്ങൾക്ക് 4000 രൂപ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ എന്ന് മനസ്സിലായത്. ഉടൻ ആശ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. ഇവർ പരാതി നൽകി കഴിഞ്ഞപ്പോഴാണ് ഈ വാർഡിൽ സമാനമായ മറ്റ് രണ്ട് സംഭവങ്ങൾ കൂടിയുണ്ടെന്ന് അറിയുന്നത്.
ഉടൻ തന്നെ ഇവരും ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. 1900 രൂപ വേണ്ടിടത്ത് 10,000 രൂപയും 10,000 രൂപയുടെ ശസ്ത്രക്രിയ ഉപകരണത്തിന് 25,000 രൂപയും ഇതേ യൂനിറ്റിലെ മറ്റ് രണ്ട് യുവ ഡോക്ടർമാരും ഇട നിലക്കാർ വഴി നൽകുവാൻ രോഗികളുടെ ബന്ധുക്കളോടു ആവശ്യപ്പെടുകയും അവർ നൽകുകയും ചെയ്തുവെന്നായിരുന്നു പരാതി. രോഗികളുടെ ബന്ധുക്കളിൽനിന്ന് രേഖാമൂലം പരാതി കിട്ടിയതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ ജൂനിയർ ഡോക്ടർമാർ കുറ്റം സമ്മതിച്ചതായാണ് സൂചന.
ഒപ്പിട്ടുനൽകിയാൽ അധികപണം തിരികെ നൽകാമെന്ന് ഏജൻറ്
ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ ഡോക്ടർ ഇടനിലനിന്ന് അമിതവിലക്ക് രോഗിക്ക് നൽകിയ സംഭവത്തിൽ അധികമായി വാങ്ങിയ പണം തിരികെത്തരാമെന്നും എന്നാൽ, പണം തിരികെ നൽകുമ്പോൾ കൈപ്പറ്റിയതായി പരാതിക്കാരി ഒപ്പിട്ടുനൽകണമെന്ന് ഏജൻറ്.
ഒപ്പിട്ടുനൽകിയിട്ട് പണം വേെണ്ടന്ന് പരാതിക്കാരിയും. എന്നാൽ, ശസ്ത്രക്രിയ ഉപകരണങ്ങൾ നൽകിയപ്പോൾ തന്ന 12000 രൂപയുടെ ബില്ല് എങ്കിലും തിരികെ ഏൽപിക്കണമെന്നായി ഏജൻറ്. അതിനും പരാതിക്കാരി തയാറാകാതെ വന്നപ്പോൾ ഓഫിസിൽ വന്ന് തന്നെ കാണണമെന്ന് പറഞ്ഞ് ഏജൻറ് മടങ്ങി. ഏജൻറ് തിങ്കളാഴ്ച രാത്രി ഏഴിന് കുമരകം ചന്തക്കവലയിലുള്ള വീട്ടിൽ എത്തുകയായിരുന്നു. ബാബു കുമരകം പി.എച്ച്.സിയിൽ ചികിത്സ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.