എട്ടാം ക്ലാസുകാരി ലഹരിക്കടത്ത് സംഘത്തിൽ കണ്ണിയായ സംഭവം; ചോമ്പാല പൊലീസ് സ്റ്റേഷന്റെ പരിമിതികളും ചർച്ചയാകുന്നു

എട്ടാം ക്ലാസുകാരി ലഹരിക്കടത്ത് സംഘത്തിൽ കണ്ണിയായ സംഭവം പുറത്തായതോടെ ചോമ്പാല പൊലീസ് സ്റ്റേഷന്റെ പരിമിതികളും ചർച്ചയാകുന്നു. ​േകാഴി​ക്കോട് ജില്ല അതിർത്തിയിലെ പ്രധാന പൊലീസ് ​സ്റ്റേഷനാണ് ചോമ്പാല. എന്നാൽ, സ്റ്റേഷനിൽ നാഥനില്ലാത്ത അവസ്ഥയാണെന്നാണ് വിമർശനം. പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രിക്കാനുള്ള അധികാരം സർക്കിൾ ഇൻസ്പെക്ടർക്കാണ്. ചോമ്പാൽ പൊലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ്‌ ഓഫീസർ (എസ്.എച്ച്.ഒ ) കസേര ഒഴിഞ്ഞു കിടന്നിട്ട് മാസം ആറ് കഴിഞ്ഞു. ദേശീയപാതയും, റെയിവേ സ്റ്റേഷനും, തീരദേശവും അടങ്ങിയതാണ് ചോമ്പാൽ സ്റ്റേഷൻ. സ്‌കൂൾ വിദ്യാർഥിനി മയക്കുമരുന്ന് റാക്കറ്റിൽ അകപ്പെട്ട സംഭവം അടക്കമുള്ള വിവാദങ്ങൾ നാട്ടിൽ ചർച്ചചെയ്യപ്പെടുന്നതിനിടയിലാണ് സ്റ്റേഷനോട് അധികൃതർ കാണിക്കുന്ന അവഗണന പുറത്ത് വരുന്നത്. സ്റ്റേഷന് പുറത്ത് സ്ഥാപിച്ച രണ്ട് നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമായിട്ട് ഏറെയായി. മയക്കുമരുന്ന് സംഘത്തിന്റെ പിടിയിലായ കുട്ടി നേരത്തെ സ്റ്റേഷനിൽ പരാതിപറയാനെത്തിയപ്പോൾ പരിസരത്ത് കേസുമായി ബന്ധപ്പെട്ട ചിലരിവിടെ എത്തിയെന്ന് പറയുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തവരുത്താൻ സി.സി.ടി.വി പ്രവർത്തന രഹിതമായതിനാൽ കഴിയില്ല. സി. സി.ടി.വി എല്ലാ മേഖലയിലും സ്ഥാപിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ചോമ്പാൽ പൊലീസ് സ്റ്റേഷന്റെ പരിമിതി വെല്ലുവിളിയാകുന്നത്.

എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നുനൽകി കാരിയറാക്കിയ സംഭവത്തിൽ ചോമ്പാല പൊലീസ് പ്രതിക്കൂട്ടിൽ കിടക്കുകയാണ്. സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് വിട്ടയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് 27-ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി സ്വീകരിച്ചത്. ഇതിനിടെ പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കാനായി പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായം തേടി. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻകൂടിയാണ് കൗൺസലിങ് നടത്തുന്നത്. എന്നാൽ, ഇതിന് സമയമെടുത്തേക്കും.

കഴിഞ്ഞ ദിവസം കൗൺസലിങ് വഴി പെൺകുട്ടിയുടെ മൊഴി പൊലീസ് ശേഖരിച്ചിരുന്നു. ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ടെങ്കിലും കുട്ടി ക്ഷീണിതയായതിനാൽ മെഴിയെടുക്കുന്നത് തുടരാൻ കഴിഞ്ഞില്ല. 12കാരിയുടെ സഹപാഠികൾ, അധ്യാപകർ തുടങ്ങിയവരുടെ മൊഴികളും പൊലീസ് എടുത്തിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയും തുടരുകയാണ്. ഇതിനിടെ, ചോമ്പാല പൊലീസ് സ്​റ്റേഷനിലെ ക്യാമറ തകരാറിലാണെന്ന് ആക്ഷേപവുമുണ്ട്. ഇതിനിടെ പെൺകുട്ടിയുടെ മാതാവ് സ്കൂൾ അധികൃതർക്കെതിരേ വിദ്യാഭ്യാസമന്ത്രിക്കും മനുഷ്യാവകാശകമ്മിഷനും മറ്റും പരാതി നൽകി. സംഭവത്തിൽ സ്കൂൾ അധികൃതർക്ക് വീഴ്ച വന്നെന്നാണ് മാതാവിന്റെ പരാതി. സംഭവം പുറത്തായതോടെ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രത്യക്ഷ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾ ലഹരി മാഫിയയുടെ കണ്ണിയിൽപ്പെട്ടിരിക്കുകയാണെന്ന വെളിപ്പെടുത്തൽ നാടിനെ മുഴുവൻ ആശങ്കയിലാഴ്ത്തുകയാണ്.

Tags:    
News Summary - Incident of 8th class girl becoming a link in drug trafficking gang; The limitations of Chompala police station are also discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.