മറയൂർ: സി.ഡി.എം മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിലായി. തേനി കൂടല്ലൂർ സ്വദേശി പ്രഭു (43) കുമരലിംഗം സ്വദേശി ഹക്കീം (40) എന്നിവരാണ് പിടിയിലായത്. നവമ്പർ 11നാണ് മറയൂർ എസ്.ബി.ഐ ശാഖയിൽ സി.ഡി.എം മെഷീനിൽ 500രൂപയുടെ 79 കള്ളനോട്ടുകൾ നിക്ഷേപിച്ചത്.
തുടർന്ന് ബാങ്ക് അധികൃതർ മറയൂർ പൊലീസിൽ പരാതി നൽകി. സി.സി ടി.വി ദൃശ്യങ്ങളും അക്കൗണ്ട് നമ്പറും പരിശോധിച്ച് മറയൂരിന് സമീപം വാഗവര പജാർ ഡിവിഷനിൽ കനിരാജിനെ (43) അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിൽനിന്നാണ് കള്ളനോട്ട് എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിർമാണകേന്ദ്രം കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിൽ ദിണ്ഡുഗൽ നത്തം സ്വദേശികളായ രാംകുമാർ അഴകൻ, പുതുക്കോട്ട ഓണംകൂടി പഴനികുമാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഉറവിടം കണ്ടെത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിനിടെയാണ് പ്രിന്ററിൽ അച്ചടിച്ച് വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടുക്കി സ്പെഷൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ടി.ഡി. മുകേഷ്, മറയൂർ എസ്.എച്ച്.ഒ ടി.സി. മുരുകൻ, എസ്.ഐ പി.ജി. അശോക്കുമാർ, എ.എസ്.ഐ ബോബി എം. തോമസ്, സി.പി.ഒമാരായ എം.എസ്. സന്തോഷ്, സജുസൺ, അനുകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.