തിരുവനന്തപുരം: വ്യാജരേഖകള്‍ ചമച്ച് ഇൻഷുറൻസ് തുക തട്ടുന്ന റാക്കറ്റിനെ സഹായിച്ച പൊലീസുകാരെയും പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച്. ഇൻഷുറൻസ് തുക ലഭിക്കാനായി വ്യാജ എഫ്.ഐ.ആറുകള്‍ തയാറാക്കിയ പൊലീസുകാരെ ചോദ്യം ചെയ്യാനുള്ള നടപടികളും ക്രൈംബ്രാഞ്ച് ആരംഭിച്ചു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയും തട്ടിപ്പ് നടന്നു. കണ്ടെടുത്ത സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ രേഖകൾ േഫാറൻസിക് പരിശോധനക്ക് ക്രൈംബ്രാഞ്ച് അയക്കും. ട്രാഫിക് പൊലീസ് 2015ൽ രജിസ്റ്റർ ചെയ്ത അപകട കേസിൽ അടുത്തിടെ വിധി വന്നിരുന്നു. പരിക്കേറ്റ യുവാവിന് 2,84,000 രൂപയും എട്ട് ശതമാനം പലിശയുമാണ് വിധിച്ചത്. ഈ നഷ്ടപരിഹാര വിധിക്ക് കാരണം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ഡോക്ടറുടെ പേരിൽ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടാണ്.
ബൈക്കിന് പിറകിൽ യാത്ര ചെയ്യുമ്പോള്‍ അപകടത്തിൽപെട്ട് യുവാവിന് 14 ശതമാനം അംഗവൈകല്യം സംഭവിച്ചുവെന്നായിരുന്നു സർട്ടിഫിക്കറ്റ്. എന്നാൽ ഈ കേസും മെഡിക്കൽ റിപ്പോർട്ടും വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെയും ഇൻഷുറൻസ് കമ്പനിയുടെയും കണ്ടെത്തൽ. പൊലീസ് റിപ്പോർട്ടിൽ പറയുന്ന ദിവസം ഇൻഷുറൻസ് തുക കിട്ടിയ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ലെന്നാണ് ആശുപത്രിരേഖകള്‍ വ്യക്തമാക്കുന്നത്. അംഗവൈകല്യം സംഭവിച്ചുവെന്ന ഡിെസബിലിറ്റി സർട്ടിഫിക്കറ്റും വ്യാജമാണെന്ന് ഡോക്ടർ രേഖാമൂലം ഇൻഷുറൻസ് കമ്പനിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചിട്ടുണ്ട്.
ഇങ്ങനെയുള്ള നൂറിലധികം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. തങ്ങളുടെ പേരിൽ വ്യാജരേഖകള്‍ കോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ മൊഴി. ഇതിൽ വ്യക്തത വരുത്താനാണ് ഡോക്ടർമാർ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകള്‍ ഫോറൻസിക് പരിശോധനക്ക് അയക്കാൻ തീരുമാനിച്ചിട്ടുള്ളത്. രേഖകള്‍ സമർപ്പിച്ചുള്ള നഷ്ടപരിഹാരവിധിക്കെതിരെ ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകാനുള്ള നീക്കത്തിലാണ്. സൈക്കിളിൽനിന്ന് വീണതും തെങ്ങിൽനിന്ന് വീണ് പരിക്കേറ്റതും ഉള്‍പ്പെടെ വാഹന അപകടങ്ങളാക്കി മാറ്റി പൊലീസുകാർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ള വിവരം. പൊലീസ് റിപ്പോർട്ടിന്റെ ബലത്തിലാണ് അഭിഭാഷകരും ഡോക്ടർമാരുമെല്ലാം വ്യാജ രേഖകള്‍ തയാറാക്കി ഇൻഷുറന്‍സ് തുക തട്ടിയിരിക്കുന്നത്. ഈ തട്ടിപ്പുകേസിലെ പ്രധാന ഇടനിലക്കാർ പൊലീസുകാരാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.