പാലക്കാട്: സാമ്പത്തിക മാന്ദ്യത്തിൽ നട്ടംതിരിയുന്നവരെ ശ്വാസം മുട്ടിച്ച് കഴുത്തറുപ്പൻ ബ്ലേഡ് സംഘങ്ങൾ. വട്ടിപ്പലിശക്കാരുടെ ഭീഷണി ഭയന്ന് കഴിഞ്ഞ ദിവസം പറളി കിണാവല്ലൂരിൽ കെട്ടിട നിർമാണത്തൊഴിലാളി പ്രവീൺ ജീവനൊടുക്കിയതോടെ ബ്ലേഡ് മാഫിയക്കെതിരെ ജനരോഷം ശക്തമാണ്. കുബേരന്മാർക്കെതിരെ വീണ്ടും നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്. ഗ്രാമീണ മേഖലയിലെങ്ങും കൊള്ളപ്പലിശ സംഘങ്ങളുടെ സ്വാധീനം ശക്തമാണ്. മാസപ്പലിശക്ക് കടം നൽകുന്ന സംഘങ്ങൾ മുതൽ ആഴ്ചയെന്ന തോതിലും ദിവസപ്പലിശക്കും പണം നൽകുന്ന കൊള്ളപ്പലിശക്കാർ ജില്ലയിൽ സജീവമാണ്. ഈടോ ജാമ്യമോ ആവശ്യമില്ലാത്തതിനാൽ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന നിരവധി പേരാണ് ഇവരെ ആശ്രയിക്കുന്നത്. ഓപറേഷൻ കുബേര നിർജീവമായതോടെ പലിശക്കാരുടെ ഭീഷണിയിൽ ആത്മഹത്യയുടെ മുനമ്പിലാണ് നിരവധി കുടുംബങ്ങൾ. അതിർത്തി കടന്നെത്തുന്ന തമിഴന്മാർ മുതൽ പ്രാദേശികമായ പലിശക്കാർ വരെ ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് പണമിടപാട് നടത്തുകയാണ്. 1000 രൂപ മുതൽ പതിനായിരങ്ങൾ വരെ ഒരു ഈടുമില്ലാതെ ലഭിക്കുന്നതിനാൽ പെട്ടെന്നുള്ള ആവശ്യങ്ങൾക്കാണ് കൂടുതൽപേരും ഇവരെ ആശ്രയിക്കുന്നത്.
തലവെച്ചാൽ പെട്ടു
കൊള്ളപ്പലിശയുടെ കെണിയിൽ ഒരു വട്ടം തല വെച്ചാൽ ഊരിയെടുക്കാൻ വലിയ പാടാണെന്ന് അനുഭവസ്ഥർ പറയുന്നു. ഒരിക്കലും തീരാത്ത പലിശയും പലിശക്കുമേൽ പലിശയുമായി അതങ്ങിനെ ഉയർന്നു കൊണ്ടേയിരിക്കും. എത്ര പണം കിട്ടിയാലും തീരാത്ത ആർത്തിയുമായി പലിശക്കാർ പാവങ്ങൾക്കുമേൽ വട്ടമിട്ട് പറക്കും. കെട്ടുതാലിയും കിടപ്പാടവും വരെ പലിശക്കെണിയിൽ നഷ്ടപ്പെട്ടവരും നിരവധി. കൂലിപ്പണിക്കാർ മുതൽ ചെറുകിട കർഷകർ വരെ നിരവധി പേരാണ് ഇവരുടെ ഇരകൾ. അതിർത്തി മേഖലയിലെ നിരക്ഷരരായ നിരവധി പേർ തങ്ങൾക്കുമേൽ നടക്കുന്നത് ചൂഷണമാണെന്ന് പോലും തിരിച്ചറിയാതെയാണ് കൊള്ളപ്പലിശക്കാരുടെ ഭീഷണിക്ക് വഴങ്ങി പണം നൽകുന്നത്. കഴിഞ്ഞ ദിവസം പറളി കിണാവല്ലൂരിൽ 29കാരനായ പ്രവീൺ തൂങ്ങിമരിച്ചത് വട്ടിപ്പലിശക്കാരുടെ കനത്ത ഭീഷണിയെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
നനഞ്ഞ പടക്കംപോലെ ഓപറേഷൻ കുബേര
ഓപറേഷൻ കുബേരയിലൂടെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം ഇപ്പോഴും നിയമക്കുരുക്കിലാണ്. പരാതിക്കാരെ പേടിപ്പിച്ചും പണം തിരികെ കൊടുത്തും ചിലർ രക്ഷപ്പെടും. കേസൊക്കെ ഒതുങ്ങിയപ്പോൾ വീണ്ടും സജീവമായവരും നിരവധി. പലിശക്കെണിയിൽ കുടുങ്ങി ജീവിതവും ജീവനും നഷ്ടപ്പെട്ടവരുടെ ദുരിതങ്ങൾക്ക് നിയമത്തിന് മുന്നിൽ ഉത്തരവാദികളില്ലെന്നതാണ് യാഥാർഥ്യം.
ബ്ലേഡുകാരുടെ ഭീഷണിയിൽ ആത്മഹത്യ: പൊലീസ് മൊഴിയെടുത്തു
പറളി: ബ്ലേഡ് പലിശക്കാരുടെ ഭീഷണിമൂലം കിണാവല്ലൂരിൽ കെട്ടിടനിർമാണത്തൊഴിലാളി വീട്ടിൽ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് മങ്കര പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാവിലെ മരിച്ച പ്രവീണിന്റെ വീട്ടിൽ പൊലീസെത്തി പിതാവിന്റെയും ഭാര്യയുടെയും മൊഴിയെടുത്തു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് കിണാവല്ലൂർ അനശ്വരനഗർ കാരക്കാട്ട് പറമ്പ് പ്രവീൺ (29) വീട്ടിൽ തൂങ്ങിമരിച്ചത്. പ്രവീണിനെയും വീട്ടുകാരെയും വെള്ളിയാഴ്ച പ്രദേശത്തെ വട്ടിപ്പലിശക്കാരൻ ഭീഷണിപ്പെടുത്തിയതായും ശനിയാഴ്ച രാവിലെ 10,000 രൂപ വീട്ടിൽ കൊണ്ടുവന്ന് നൽകിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ഇയാൾ പറഞ്ഞതായും പ്രവീണിന്റെ ഭാര്യ രാഖി പറഞ്ഞു. മങ്കര സി.ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഞായറാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റു ബന്ധുക്കളുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ടെന്നും അതിനുശേഷമേ മറ്റു നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.