ഇരിക്കൂർ: സഹപ്രവർത്തകനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ രണ്ടാംപ്രതിയും പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ (26) കൊലപ്പെടുത്തിയ കേസിൽ മുർഷിദാബാദ് സ്വദേശി ഗണേഷ് മണ്ഡലിനെയാണ് (28) ഇരിക്കൂർ എസ്.ഐ. എം.വി. ഷിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഡൽഹി- ഹരിയാന അതിർത്തിയിൽ പിടിയിലായ ഗണേഷ് മണ്ഡലിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂരിൽ എത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തും. കേസിലെ ഒന്നാം പ്രതി പരേഷനാഥ് മണ്ഡലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുവാണ് ഗണേഷ് മണ്ഡൽ. മൂന്നുപേരും തേപ്പു പണിക്കാരാണ്. ഇരിക്കൂർ പെരുവളത്തുപറമ്പ് ഫാറൂഖ് നഗറിൽ പി.വി. മുനീറിന്റെ കെട്ടിട സമുച്ചയത്തിൽ തേപ്പ് പണിക്കിടെയാണ് അഷിക്കുൽ കൊല്ലപ്പെട്ടത്. പണിക്കൂലിയെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുകയായിരുന്ന അഷിക്കുലിനെ അവിടെയുണ്ടായിരുന്ന ചുറ്റികയെടുത്ത് പരേഷനാഥ് ചെവിക്കുറ്റിക്ക് അടിച്ചു. അടിയേറ്റ് മരണമടഞ്ഞ അഷിക്കുലിന്റെ മൃതദേഹം ചാക്കുകളിലാക്കി. തുടർന്ന് ഇതേ കെട്ടിടത്തിന്റെ ശുചിമുറിയിൽ കുഴിയെടുത്ത് അവിടെ തള്ളിയശേഷം കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. കഴിഞ്ഞവർഷം ജൂൺ 28ന് അഷിക്കുലിനെ കാണാനില്ലെന്നു കാണിച്ച് സഹോദരൻ മോമിൻ ഇരിക്കൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ കൂടെ ജോലിചെയ്യുകയായിരുന്ന രണ്ടുപേർ സ്ഥലംവിട്ടതായി വ്യക്തമായി. മൂന്നുമാസത്തെ ശ്രമത്തിനൊടുവിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 10നാണ് അന്നത്തെ ഇരിട്ടി ഡിവൈ.എസ്.പിയും നിലവിൽ കോഴിക്കോട് വിജിലൻസ് എസ്.പിയുമായ പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഒന്നാം പ്രതി പരേഷ്നാഥ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയെ കണ്ടെത്താൻ ശ്രമം നടത്തിവരുകയായിരുന്നു. ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാട്ടിൽനിന്ന് മുങ്ങിയിരുന്നു. നീണ്ട ശ്രമത്തിനൊടുവിൽ ഡൽഹി ഹരിയാന അതിർത്തിയിൽ ഇയാൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഇരിക്കൂർ പൊലീസ് അവിടെ എത്തിയാണ് പിടികൂടിയത്.
എ.എസ്.ഐ റോയി ജോൺ, സീനിയർ സി.പി.ഒമാരായ രഞ്ജിത്ത്, ഷംസാദ് എന്നിവരും ഗണേഷ് മണ്ഡലിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
കൊലപ്പെടുത്തി മൃതദേഹം ശുചിമുറിക്കുള്ളിൽ കുഴിയെടുത്ത് അടക്കം ചെയ്ത് കോൺക്രീറ്റ് ചെയ്ത് മൂടിയതിനാൽ 'ദൃശ്യം'മോഡൽ കൊലയെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.