ഖുന്തി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ ഐ.ഐ.ടി വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റുചെയ്തു. ഖുന്തിയിലെ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് സെയ്ദ് റിയാസ് അഹമ്മദിനെയാണ് വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റുചെയ്തത്.
ഡെപ്യൂട്ടി ഡെവലപ്മെന്‍റ് കമ്മീഷണറുടെ വീട്ടിൽ നടന്ന വിരുന്നിനിടയിലാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് 2019 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഖുന്തി വനിതാപൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു.
ട്രെയിനിങിനായി സംസ്ഥാനത്തിന് പുറത്തുള്ള ഐ.ഐ.ടിയിൽ നിന്ന് എത്തിയതായിരുന്നു പെൺകുട്ടി. വിരുന്നിനിടെ പെൺകുട്ടി തനിച്ചായപ്പോൾ ഐ.എ.എസ് ഓഫീസർ ഉദ്രവിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
വിരുന്നിൽ പങ്കെടുത്ത ചില അതിഥികളെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീവകുപ്പുകൾ പ്രകാരമാണ് റിയാസ് അഹമ്മദിനെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് അമൻ കുമാർ പറഞ്ഞു. ഇന്നലെ രാത്രി അറസ്റ്റുചെയ്ത ഇയാളെ പ്രാദേശിക കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.