തൃശൂർ: നഗരത്തിലെ ലോഡ്ജിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഝാർഖണ്ഡ് സ്വദേശിനി മുനിക കിഷ്കു (30) കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരുടെ കൂടെ ലോഡ്ജിൽ മുറിയെടുത്ത ഒഡിഷ സ്വദേശി ബെസേജ സന്തയെ (29) പൊലീസ് അറസ്റ്റ് ചെയ്തു.
പോസ്റ്റ്മോർട്ടത്തിൽ ശ്വാസംമുട്ടിയാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നല്കി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് മുനികയും ബെസേജയും ലോഡ്ജിലെത്തിയത്. പോസ്റ്റ്ഓഫിസ് റോഡിലെ അൽ അമാൻ ലോഡ്ജിലാണ് ഇവർ താമസിച്ചത്. രാവിലെ മുറി ഒഴിയുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, രാവിലെ 8.30ന് യുവാവ് പുറത്തുപോയി. ഉച്ചയായിട്ടും ഒഴിയാതായതോടെ ജീവനക്കാരൻ പരിശോധിച്ചപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്.
കമീഷണറുടെ കീഴിലുള്ള പ്രത്യേക സംഘവും സി.ഐ ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് പൊലീസും ചേർന്ന് പൊന്നാനിയിൽനിന്നാണ് ബെസേജയെ പിടികൂടിയത്. യുവതി ഹൃദ്രോഗ ബാധിതയാണെന്നും മരുന്ന് കഴിക്കാറുണ്ടെന്നുമായിരുന്നു ഇയാളുടെ ആദ്യമൊഴി. ഇരുവരും വിവാഹിതരാവാതെ ഒന്നിച്ചുകഴിയുകയായിരുന്നു.
വിവാഹം കഴിക്കാനുള്ള യുവതിയുടെ നിർബന്ധം തുടർന്നതോടെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഇയാൾ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.