കൽപറ്റ: വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ. വെള്ളമുണ്ട കണ്ടത്തുവയലിലെ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കോഴിക്കോട് ജില്ലയിലെ തൊട്ടിൽപാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറ കലങ്ങോട്ടുമ്മൽ വിശ്വനാഥന് (45) ജില്ല സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. 302 ഐ.പി.സി വകുപ്പു പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 302 വകുപ്പു പ്രകാരം 10 ലക്ഷം രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. കൽപറ്റ സെഷൻസ് കോടതി ജഡ്ജി വി. ഹാരിസാണ് വിധി പറഞ്ഞത്.
2018 ജൂലൈ ആറിനാണ് പ്രദേശത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. തൊണ്ടർനാട് പഞ്ചായത്തിലെ പരേതനായ വാഴയിൽ മൊയ്തുവിന്‍റെ മകൻ ഉമ്മർ (27), ഭാര്യ ചെറ്റപ്പാലം കച്ചിൻസ് മമ്മൂട്ടിയുടെ മകൾ ഫാത്തിമ (19) എന്നിവരെയാണ് അതിദാരുണമായ രീതിയിൽ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടയിൽ പിടിക്കപ്പെട്ടതു കൊണ്ട് കൊല ചെയ്തതാണെന്ന് പ്രതി സമ്മതിച്ചിരുന്നു.
കൊലപാതകത്തിന്ശേഷം പൊലീസ് നായ മണം പിടിക്കാതിരിക്കാൻ വാതിലിന് സമീപവും പരിസരത്തും മുളക് പൊടി വിതറിയിട്ടാണ് പ്രതി കടന്നുകളഞ്ഞത്. കിടപ്പുമുറിയില്‍ കട്ടിലിന് മുകളിലാണ് രണ്ട് മൃതദേഹവും കാണപ്പെട്ടത്. പിന്‍വാതില്‍ കുത്തിതുറന്ന് അകത്ത് കയറിയ പ്രതി കൃത്യം നടത്തി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച് മുങ്ങുകയായിരുന്നു. ആസൂത്രിതമായി നടത്തിയ കൊലപാതകമായതിനാൽ രണ്ടു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിശ്വനാഥൻ തൊട്ടിൽപാലത്ത് പിടിയിലാവുന്നത്.
ആദ്യം കുറ്റം സമ്മതിക്കാതിരുന്ന പ്രതി പിന്നീട് കൊല നടത്തിയ വീടിനു മുൻവശത്തെ വയലിൽ നിന്നും കൊലക്കുപയോഗിച്ച ആയുധങ്ങൾ പൊലീസിന് കാണിച്ചു കൊടുത്തു. ഇതോടെ, കേസ് വഴിത്തിരിവിലെത്തുകയായിരുന്നു. 700ലധികം പേരെ പൊലീസ് നിരീക്ഷിച്ച കേസിൽ അന്വേഷണം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കും നീണ്ടു. തുടക്കത്തിൽ ഏറെ ദുരൂഹത നിറഞ്ഞ സംഭവത്തിൽ പ്രതി പിടിയിലാവാത്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
വളരെ ആസൂത്രിതമായാണ് ഇരട്ട കൊലപാതകങ്ങൾ നടത്തിയിരിക്കുന്നത് എന്നാണ് സാഹചര്യത്തെളിവുകൾ വ്യക്തമാക്കിയത്. ഇത്, ക്വട്ടേഷൻ സംഘത്തിലേക്ക് സംശയം നീളാനും ഇടയാക്കി. ഉമറിന്‍റെയും ഭാര്യയുടെയും ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. ഒടുക്കം മൊബൈൽ ഫോൺ പിന്തുടർന്നുള്ള സൈബർ അന്വേഷണവും ശാസ്ത്രീയ പരിശോധനകളുമാണ് ഒടുക്കം പ്രതിയെ വലയിലാക്കിയത്.
ഫോൺ കണ്ടെത്താൻ കഴിയാഞ്ഞതും ഒരു ഘട്ടത്തിൽ പൊലീസിനെ വലച്ചു. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സംഭവം നടന്ന ദിവസത്തെയും സമയത്തെയും കോളുകളും റോഡിനോട് ചേര്‍ന്ന സി.സി.ടി.വി കാമറ ദൃശ്യങ്ങളുടെ പരിശോധനയും ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാളവും പരിശോധിച്ചു. നൂറുകണക്കിനാളുകളെ ചോദ്യം ചെയ്തു. മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. രണ്ട് സി.ഐമാരും നാല് എസ്.ഐമാരുമുള്‍പ്പെട്ട സംഘം ആറ് ഗ്രൂപ്പായിട്ടാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.