ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം ഉൾപ്പെടെ 20ഓളം ക്രിമിനൽ കേസിൽ പ്രതിയുമായ പട്ടണക്കാട് സ്വദേശി സുജിത്തിനെ (വെളുമ്പൻ സുജിത്ത്-39) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. ബോംബ് നിർമിച്ച് അക്രമത്തിന് തയാറെടുക്കുന്നതിനിടെ 2021 നവംബറിൽ ചാത്തനാട് വെച്ച് ബോംബ് പൊട്ടി ഗുണ്ടസംഘത്തിലെ യുവാവ് മരിച്ച സംഭവത്തിലും അന്നുതന്നെ മറ്റൊരു യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിലും ഇയാൾ പ്രതിയാണ്. 2003 മുതൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം, കോട്ടയം ജില്ലകളിലും കൊലപാതകം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
2007ൽ കാപ്പ പ്രകാരം ആറുമാസം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. 2011ൽ എറണാകുളം ജില്ലയിലെ കാലടി പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങി വീണ്ടും കേസുകളിൽ പ്രതിയായതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
'ഓപറേഷൻ കാവൽ' പദ്ധതിയുടെ ഭാഗമായി നിരന്തരം കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ ജില്ല പൊലീസ് ശക്തമായ മുൻകരുതൽ നടപടി സ്വീകരിച്ച് വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.