കാഞ്ഞങ്ങാട്: കുടുംബവഴക്കിനിടെ യുവാവിനെ സഹോദരൻ വെടിവെച്ചുകൊന്നു. കുറ്റിക്കോൽ നൂഞ്ഞങ്ങാനത്തെ അശോകൻ നായർ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണൻ നായരെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലുണ്ടായ തർക്കത്തെത്തുടർന്ന് നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ നായർ സഹോദരനെ വെടിവെക്കുകയായിരുന്നു.
ഇടതുകാലിന്റെ തുടക്കാണ് വെടിയേറ്റത്. മറ്റൊരാളുടെ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് വ്യക്തമായിട്ടുണ്ട്. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തം വാർന്നുകിടന്ന അശോകനെ മണിക്കൂർ വൈകിയാണ് കാസർകോട് ഗവ. ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ ഇവരെക്കൂടാതെ കൊല്ലപ്പെട്ട അശോകന്റെ ഭാര്യ ബിന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കൃത്യം നടത്തിയ ബാലകൃഷ്ണൻ സ്ഥലംവിടുകയായിരുന്നു. ബാലകൃഷ്ണൻ നായരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും. മറ്റൊരാളുടെ തോക്ക് പ്രതിയുടെ കൈയിൽ എങ്ങനെയെത്തിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലൈസൻസുള്ള നാടൻ ഒറ്റ കുഴൽതോക്കാണെന്നാണ് സൂചന. അശോകന് മക്കളില്ല. ബാലകൃഷ്ണൻ നായർ അവിവാഹിതനാണ്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പരേതനായ പി. നാരായണൻ നായരുടെയും ദാക്ഷായനിയുടെയും മകനാണ്. മറ്റ് സഹോദരങ്ങൾ: കെ. ഗംഗ, കെ. ജനാർദനൻ, കെ. ശോഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.