കട്ടപ്പന: കട്ടപ്പനയിൽ യുവാവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വെൺമാന്ത്ര ബാബു (58) അപകടകരമായി പെരുമാറുന്ന ക്രിമിനൽ സ്വഭാവമുള്ളയാൾ. തനിക്കും മാതാവിനും വീടുവെച്ചു താമസിക്കാൻ സ്ഥലം സ്വജന്യമായി നൽകിയ ആളുടെ മകളുടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്താൻ ബാബുവിന് ഒരു കൂസലും ഇല്ലായിരുന്നു. കൊല്ലപ്പെട്ട സുബിന്റെ ഭാര്യാപിതാവ് നൽകിയ സ്ഥലത്ത് പള്ളി നിർമിച്ചു നൽകിയ വീട്ടിലാണ് പ്രതി ബാബുവും മാതാവും താമസിക്കുന്നത്.
ലഹരി ഉപയോഗിച്ചാൽ മനോനില തെറ്റുന്ന ഇയാളെ നാട്ടുകാർക്ക് ഭയമാണ്. ഗർഭിണിയായ ഭാര്യയെ കാണാനാണ് കക്കാട്ടുകട കളപ്പുരക്കൽ സുബിൻ ഭാര്യവീട്ടിൽ എത്തിയത്. ഇവിടെ വഴിയരികിൽ കാർ പാർക്ക് ചെയ്തത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുബിനെ കോടാലികൊണ്ട് ആക്രമിച്ച ശേഷം വീടിനുള്ളിൽ ഒളിച്ച പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ കട്ടപ്പന എസ്.ഐ ഉദയകുമാറിനെയും ഇയാൾ കോടാലികൊണ്ട് ആക്രമിച്ചു പരിക്കേൽപിച്ചിരുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇയാൾ അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ചതിനും കേസുണ്ട്. കഞ്ചാവ് വിൽപന നടത്തുന്നതിനിടെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപിച്ചതിനും ബാബുവിനെതിരെ കേസുണ്ട്. കഞ്ചാവും മദ്യവും ഉപയോഗിച്ചാൽ സ്ത്രീകളോട് മോശമായി പെരുമാറുന്നതായും ഇയാൾക്കെതിരെ പരാതിയുണ്ടായിരുന്നു. പ്രതിയുടെ ശല്യം കാരണം മാർച്ചിൽ അയൽവാസിയായ വയോധിക പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.