വിദ്യാലയങ്ങളിൽ പിടിക്കപ്പെടുന്ന മയക്കുമരുന്നു കേസുകൾ പലതും മറച്ചുവെക്കപ്പെടുകയാണ്. കുട്ടികളുടെ ഭാവിയെ കരുതിയും രക്ഷിതാക്കളുടെ മാനഹാനി ഭയന്നും വിദ്യാലയങ്ങളുടെ സൽപേരിനെ ബാധിക്കുമെന്ന ഭീതിയുമൊക്കെ ഇതിനു പിന്നിലുണ്ട്. ശിശുക്ഷേമ സമിതികളും പൊലീസുമൊക്കെ പല കേസുകളും ഒതുക്കിത്തീർക്കുകയോ രഹസ്യമാക്കി വെക്കുകയോ ചെയ്യുന്നതും ഇക്കാരണങ്ങളാലാണ്. പുറത്തുവരുന്ന കേസുകൾ വളരെ കുറവാണ് എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
ഒമ്പതാം ക്ലാസുകാരൻ ലഹരി നൽകി പീഡിപ്പിച്ചത് സഹപാഠികളെ
കണ്ണൂരിലെ ഒമ്പതാം ക്ലാസുകാരനായ വിദ്യാർഥി തന്നെ ലഹരി മരുന്ന് നൽകി നിരന്തരം പീഡനത്തിനിരയാക്കിയെന്ന സഹപാഠിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് വന്നത്. തനിക്കുപുറമെ 11 വിദ്യാര്‍ഥിനികളെ ഒമ്പതാം ക്ലാസുകാരന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥി ബംഗളൂരുവിലും മറ്റും പോകാറുണ്ടെന്നും മയക്കുമരുന്ന് വാങ്ങുന്ന സ്ഥലമെല്ലാം പെണ്‍കുട്ടി പറഞ്ഞു. 14കാരനെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് സമാനരീതിയിലുള്ള നിരവധി പരാതികൾ രഹസ്യമായി പൊലീസിലും ശിശുസമിതികളിലും എത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ മനസ്സിലായി. എന്നാൽ, പല പരാതികളും സ്കൂളുകൾ മറച്ചുവെക്കുന്നതായും കണ്ടെത്തി.
പെൺകുട്ടികളും ഒട്ടും പിറകിലല്ല
മയക്കുമരുന്ന് ഉപയോഗത്തിന്‍റെ കാര്യത്തിൽ ആൺ -പെൺ വ്യത്യാസമില്ലാതായിരിക്കുന്നു എന്നു പറഞ്ഞത് സംസ്ഥാന മുഖ്യമന്ത്രിയാണ്. ലഹരി ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിവരുകയാണെന്ന ഗുരുതരമായ മുന്നറിയിപ്പുണ്ട് ഈ പ്രസ്താവനയിൽ. മലബാറിലെ ഒരു സ്കൂളിൽ പെൺകുട്ടികൾ മാരക ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതായി പരാതി വന്നു. ഇക്കാര്യം അന്വേഷിക്കാൻ സ്കൂളിലെത്തിയ അന്വേഷണ സംഘത്തോട് സ്കൂൾ അധികൃതരുടെ മറുപടി അത് പെൺകുട്ടികളല്ലെന്നും ആൺകുട്ടികളാണെന്നുമായിരുന്നു. സ്കൂളിന്‍റെ പേരിന് കളങ്കമാകുമെന്ന ഭയത്താൽ പെൺകുട്ടികളുടെ ലഹരി ഉപയോഗം മറച്ചുവെക്കാനാണ് സ്കൂൾ അധികൃതരും ബന്ധപ്പെട്ടവരും ശ്രമിച്ചത്. എവിടെനിന്നാണ് കുട്ടികൾക്ക് ലഹരി കിട്ടുന്നതെന്ന ചോദ്യത്തിന് മരത്തിന്‍റെ പൊത്തിലും മതിലിന്‍റെ അടുത്തും 'ആരോ' കൊണ്ടുവെച്ചപ്പോൾ കുട്ടികൾ അറിയാതെ ഉപയോഗിച്ചതാണെന്ന മുടന്തൻ മറുപടിയാണ് അധ്യാപകരും സ്കൂൾ അധികൃതരും നൽകിയത്.
മൂടിവെക്കുന്ന വിവരക്കേട്
പൊലീസ്, എക്സൈസ്, ചൈൽഡ്ലൈൻ, കൗൺസലർമാർ തുടങ്ങിയവരുമായി സംസാരിച്ചും വിവരങ്ങൾ സംഘടിപ്പിച്ചും അന്വേഷിച്ചപ്പോൾ ജില്ലയിലെ സർക്കാർ -എയ്ഡഡ് വ്യത്യാസമില്ലാതെ വിദ്യാർഥികൾ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സർക്കാർ കണക്കുകളും ഇതും വ്യക്തമാക്കുന്നു. സ്കൂളിന്‍റെ ശുചിമുറികളിലും സമീപത്തെ ഒഴിഞ്ഞ പ്രദേശങ്ങളിലും പാടങ്ങളിലുമെല്ലാം കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ട്. ലഹരി ഉപയോഗവും അതുമൂലമുണ്ടാവുന്ന ഭവിഷ്യത്തുകളും മറ്റും കുട്ടികളെക്കൂടി ബാധിക്കുമെന്നതിനാലായിരിക്കും പല സ്കൂളുകളും ഇത്തരം കാര്യങ്ങൾ കൃത്യമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നില്ല. ആരോപണവിധേയനായ കുട്ടിയെ സ്കൂളിൽനിന്ന് പുറത്താക്കിയാൽ എല്ലാം ശരിയായെന്നാന്നാണ് പലരുടെയും ധാരണ. എന്നാൽ, അതിനുശേഷം ഈ കുട്ടി എവിടെ എത്തുന്നുവെന്നോ ഭാവി എന്താകുമെന്നോ പലരും ചിന്തിക്കാറില്ല. സ്കൂളുകളുടെ കൃത്യമായ ബോധവത്കരണത്തിനൊപ്പം കൗൺസലിങ്ങും നിരീക്ഷണവും തുടർന്നാൽ മാത്രമേ ഇത്തരം കേസുകൾ ഒരു പരിധിവരെയെങ്കിലും പിടിച്ചുനിർത്താൻ സാധിക്കൂ.
കഞ്ചാവ് വേണ്ട...ലഹരി ഗുളിക മതി
പുതിയ ട്രെൻഡനുസരിച്ച് കഞ്ചാവിനെക്കാളും വിദ്യാർഥികൾ രാസലഹരികൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കഞ്ചാവ് ഉപയോഗിച്ചാലും മദ്യം കുടിച്ചാലും പെട്ടെന്ന് അറിയാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ എം.ഡി.എം.എ പോലുള്ള ലഹരി പദാർഥങ്ങളിലേക്ക് യുവസമൂഹം തിരിഞ്ഞിട്ടുണ്ട്. 13 വയസ്സു മുതലുള്ള വിദ്യാർഥികൾ ഇത്തരം രാസലഹരികൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്നുണ്ട്. മനുഷ്യനെ ഭ്രാന്തമായ അവസ്ഥയിലേക്ക് ഇത്തരം ലഹരി ചെന്നെത്തിക്കും. എം.ഡി.എം.എ പോലുള്ള ലഹരി മരുന്നുകൾ ഉണ്ടാക്കുന്നത് ശാസ്ത്രീയമായ അറിവുകൾ ഇല്ലാത്തവരാണ്. ഇത് ഉപയോഗിക്കുന്നത് ഭാവിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുന്നതായി ആരോഗ്യ രംഗത്തുള്ളവരും പറയുന്നു.
പുകവലിയിൽ തുടക്കം
ലഹരിക്കടിമപ്പെടുന്ന കുട്ടികളിൽ 90 ശതമാനവും ആദ്യം തുടങ്ങിയത് പുകവലിയാണെന്നാണ് വെളിപ്പെടുത്തുന്നത്. സ്കൂളുകളിൽ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾ പുകവലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കടലാസ് ചുരുട്ടി പുകവലി അനുകരിക്കുന്ന കുട്ടികൾ ഏറെയുണ്ട്. ഇത്തരം കുട്ടികൾ വളരുമ്പോൾ പെട്ടെന്ന് പുകവലി തുടങ്ങാൻ സാധ്യതയുണ്ടെന്ന് മനഃശാസ്ത്ര മേഖലയിൽ ജോലി ചെയ്യുന്നവർ വ്യക്തമാക്കുന്നു. സ്കൂളിൽ കുട്ടികളുടെ ഇടയിൽ ഹീറോ ആകണമെങ്കിൽ പുകവലി നിർബന്ധമാണെന്നും ഇടക്ക് ഒരു ബിയറൊക്കെ അടിക്കണമെന്നുമുള്ള പ്രചാരണങ്ങൾ കാലങ്ങളായി തുടരുന്നുണ്ട്. ഈ പുകവലി കഞ്ചാവിലേക്കും പിന്നീട് മാരക ലഹരി മരുന്ന് ഉപയോഗത്തിലേക്കും നയിക്കുകയാണ് ചെയ്യുന്നത്.
അധ്യാപകരും 'മോശമല്ല'
കേരളത്തിൽ ലഹരി കേസിൽ അധ്യാപകരും പിടിയിലായിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ഇത്തരം കേസിൽ അറസ്റ്റിലായ അധ്യാപകനെ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപികയെയും പൊലീസ് ലഹരി കൈവശംവെച്ച കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ അധ്യാപകരെ പിടികൂടിയ വിവരം സർക്കാറിനോട് ആരാഞ്ഞപ്പോൾ ഉണ്ടെന്നാണ് രേഖാമൂലം നൽകിയ വിവരങ്ങളിൽ വ്യക്തമാക്കിയത്. ഇത്തരം കേസുകളുടെ തുടർനടപടികൾ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ കേസെടുക്കുകയും വകുപ്പുതല നടപടികൾ സ്വീകരിക്കുകയും ചെയ്തതായും സർക്കാറിന് ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ വിവരങ്ങളിലുണ്ട്. മയക്കുമരുന്നിന്‍റെ പിടിയിൽപെട്ട് ജയിലിലായ മിടുക്കനായ വിദ്യാർഥിയുടെ അനുഭവം എല്ലാവർക്കും പാഠമാകേണ്ടതാണ്. അതേക്കുറിച്ച് നാളെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.