കൊച്ചി: ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തിൽ കുറ്റമറ്റ അന്വേഷണത്തിനൊരുങ്ങി പൊലീസ്. കൂടുതൽ സാക്ഷികളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഡി.ഐ.ജി ശ്രീനിവാസ് പറഞ്ഞു. കുട്ടി കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപുവരെ കണ്ട സാക്ഷികളുണ്ട്. ഇക്കാര്യത്തിൽ, കൂടുതൽ അന്വേഷണം നടത്തുകയാണ്. കുട്ടിയെ പ്രതി അസഫാഖിെൻറ കൂടെ കണ്ട സാക്ഷികളെയാണ് കണ്ടെത്തേണ്ടത്. സി.സി.ടി.വി ദൃശ്യങ്ങളല്ലാതെ ദൃക്സാക്ഷികളെയാണ് തിരയുന്നത്. അങ്ങനെയുള്ള സാക്ഷികളെ കിട്ടിയാൽ തിരിച്ചറിയൽ പരേഡ് നടത്താനുള്ള നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം.
കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നു ഡി.ഐ.ജി ശ്രീനിവാസ് വ്യക്തമാക്കി. ഇതുവരെയുള്ള അന്വേഷണത്തിൽ മറ്റ് ആളുകളുടെ പങ്ക് കണ്ടെത്തിയിട്ടില്ല. അസഫാഖിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനിടെ, പ്രതി ബിഹാർ സ്വദേശി തന്നെയാണെന്നു സ്ഥിരീകരിച്ചു. കൂടുതൽ വ്യക്തതക്കായി ബീഹാർ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. അവിടെ കേസുകളിൽ പ്രതിയായിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ ലഭിക്കണം. ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ ബിഹാറിൽ പോകാനും നീക്കമുണ്ട്.
ആലുവ കൊലപാതക കേസിൽ റിമാൻഡിലായ പ്രതി അസഫാഖ് ആലത്തിനെ ഇന്ന് ഉച്ചയോടെ ആലുവ സബ് ജയിലിലടച്ചു. കഴിഞ്ഞ ദിവസമാണ് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അസഫാഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിന് അസഫാഖ് ഇരാക്കിയെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും ആന്തരികാവയവങ്ങളിലും ഗുരുതര മുറിവുകൾ കണ്ടെത്തി.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കുട്ടിയെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോയ പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നാട് നടുങ്ങിയ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്ന മറ്റൊരു കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആലുവ കെ.എസ്.ആർ.ടി.സി ഗാരേജിനടുത്തുള്ള വീട്ടിൽനിന്നാണ് കുട്ടിയെ കാണാതായത്. മകളെ കാണാനില്ലെന്ന് വൈകീട്ട് ഏഴരയോടെ കുട്ടിയുടെ മാതാവ് ആലുവ പൊലീസിൽ പരാതി നൽകി. പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സമീപവാസികളുടെ മൊഴിയെടുത്തുമാണ് പ്രതിയിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.