ന്യൂഡൽഹി: ഫരീദാബാദിലെ വീട്ടിൽ നിന്ന് തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ ബാങ്ക് മാനേജരെ രക്ഷപ്പെടുത്തി. യു.പിയിലെ മധുരയിൽ നിന്നാണ് ബാങ്ക് മാനേജരെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ആദ്യം ബിലാസ് പൂരിലേക്കും പിന്നീട് മധുരയിലേക്കുമാണ് ബാങ്ക് മാനേജരെയും കൊണ്ട് 800 കിലോമീറ്റർ ദൂരമാണ് പ്രതികൾ സഞ്ചരിച്ചത്. സതീഷിന്റെ വീട്ടിൽ മുമ്പ് വാടകക്ക് താമസിച്ചിരുന്ന ഭൂപേന്ദ്രയാണ് സംഭവത്തിന് പിന്നിൽ. ഇയാളും ഭാര്യയും അറസ്റ്റിലായി. ഇവർക്ക് സഹായം നൽകിയ മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
ഡൽഹിയിൽ ബാങ്ക് മാനേജരായി ജോലി ചെയ്യുന്ന സതീഷ് ഫരീദാബാദിലെ സെക്ടർ 62ൽ താമസിക്കുകയാണ്. സതീഷിന്റെ ഭാര്യ സർക്കാർ ജീവനക്കാരിയാണ്. നാലുമാസം മുമ്പുവരെ സതീഷിന്റെ വീട്ടിൽ വാടകക്കു താമസിച്ചിരുന്ന ഭൂപേന്ദ്ര തൊഴിൽരഹിതനായിരുന്നു. സതീഷിനെ തട്ടിക്കൊണ്ടുപോയി നല്ലൊരു തുക മോചന ദ്രവ്യം വാങ്ങാനാണ് ഇയാൾ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
ഭൂപേന്ദ്രയും ഭാര്യയും പെട്രോൾ പമ്പിലെ മുൻ സഹപ്രവർത്തകനുമായ രവീന്ദ്രയും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. സംഭവത്തിനു തൊട്ടുമുമ്പ് ഇവർ സതീഷിന്റെ വീടിനു പരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. സതീഷ് വീട്ടിൽ ഭാര്യക്കും സുഹൃത്തിനുമൊപ്പം ഇരിക്കുമ്പോൾ വീട്ടിലേക്ക് കയറിച്ചെന്ന ഭൂപേന്ദ്ര ഇവർക്കു നേരെ തോക്കുചൂണ്ടി. സുഹൃത്തായ അമിത് തടയാൻ ശ്രമിച്ചപ്പോൾ ചുറ്റിക കൊണ്ട് തലക്കടിച്ച് ബോധരഹിതനാക്കി. തുടർന്ന് സതീഷിന്റെയും ഭാര്യയുടെയും ഫോണുകളും കാറിന്റെ താക്കോലും പഴ്സും ഭൂപേന്ദ്ര കൈവശപ്പെടുത്തി. തുടർന്ന് തോക്ക് ചൂണ്ടിയ ഭൂപേന്ദ്ര സതീഷിനോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു. ഭൂപേന്ദ്രയെ കൂടാതെ മറ്റൊരാളും ഇവർക്കൊപ്പം ചേർന്നു. കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ, സതീഷിന്റെ കാർ ഉപേക്ഷിച്ച് കാബിൽ കയറ്റി. കൈകാലുകൾ കെട്ടി, വായ പൊത്തി. കാറിൽ സഞ്ചരിക്കുന്നത് കുടുംബമാണെന്ന് തോന്നിപ്പിക്കാൻ ഭൂപേന്ദ്രയുടെ ഭാര്യ മുൻസീറ്റിൽ ഇരുന്നു. ഭൂപേന്ദ്രയാണ് കാർ ഓടിച്ചത്. സതീഷിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് തട്ടിക്കൊണ്ടുപോയവർ ക്യാബിൽ എണ്ണ നിറച്ചത്. ഹിമാചലിലാണ് വണ്ടി നിർത്തിയത്.
അവിടെ വെച്ച് പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ട് സതീഷിന്റെ കുടുംബത്തെ വിളിച്ചു. 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടു. സതീഷിന്റെ കുടുംബം അപ്പോഴേക്കും വിവരം പൊലീസിൽ അറിയിച്ചിരുന്നു. ആറു സംഘങ്ങളെ രൂപീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. 50 ലക്ഷം നൽകാനാവില്ലെന്ന് വീട്ടുകാർ പറഞ്ഞപ്പോൾ ഭൂപേന്ദ്ര അഞ്ചുലക്ഷം ആവശ്യപ്പെട്ടു. തുടർന്ന് കുടുംബം പണം കൊടുക്കാമെന്നേറ്റു. ഒരു ലക്ഷം അക്കൗണ്ടിലിടാനും ബാക്കി പണമായി നൽകണമെന്നുമായിരുന്നു ആവശ്യം. പറഞ്ഞതനുസരിച്ച് സതീഷിന്റെ ഭാര്യയിൽ നിന്ന് പണം വാങ്ങാൻ കഴിഞ്ഞ ദിവസം ഭൂപേന്ദ്ര എത്തിയപ്പോഴാണ് കാത്തുനിന്ന് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ സതീഷിനെ മഥുരയിലേക്ക് മാറ്റിയതായും രവീന്ദ്ര തന്റെ കൂടെയുണ്ടായിരുന്നതായും വെളിപ്പെടുത്തി. ഭൂപേന്ദ്രയെ അറസ്റ്റ് ചെയ്തതറിഞ്ഞ് രവീന്ദ്ര മഥുര ഒളിത്താവളത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് സതീഷിനെ രക്ഷിച്ചു. സതീഷിനെ പ്രതികൾ തോക്കുകൊണ്ട് മർദിച്ചിരുന്നു.
മാസങ്ങളായി തനിക്ക് ജോലിയില്ലെന്നും പണം ആവശ്യമാണെന്നും ഇതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നും ഭൂപേന്ദ്ര പൊലീസിനോട് പറഞ്ഞു. സതീഷ് ഭാര്യ ഭൂപേന്ദ്രയ്ക്ക് കൈമാറിയ പണം, പിസ്റ്റൾ, നാടൻ തോക്ക്, വെടിയുണ്ടകൾ, കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ എന്നിവ പൊലീസ് കണ്ടെടുത്തു. ഒളിവിൽ കഴിയുന്ന കൂട്ടുപ്രതി രവീന്ദ്രനുവേണ്ടി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.