തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസ്; പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ

ആലുവ: ദേശീയപാതയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. തൃശൂർ മതിലകം കോലോത്തുംപറമ്പിൽ മുബഷിറിനെയാണ് (മുബി-29) അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ്. ഇയാൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കോയമ്പത്തൂർ, സേലം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഒളിവിൽകഴിഞ്ഞ മുബിനെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂർ ഗാന്ധിനഗറിലെ ലോഡ്ജ് വളഞ്ഞാണ് പിടികൂടിയത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വധശ്രമം, മയക്കുമരുന്ന് വ്യപാരം എന്നിവക്ക് കേസുകളുണ്ട്. പ്രധാന പ്രതിയായ മനാഫിന്‍റെ ഇടപ്പള്ളിയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ക്വട്ടേഷൻ കൊടുത്ത മുജീബ് ഉൾപ്പെടെ ആറുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബുതന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറിച്ചുവിൽക്കുകയിരുന്നു ലക്ഷ്യം. മാർച്ച് 31ന് പുലർച്ച കമ്പനിപ്പടി ഭാഗത്തുവെച്ചാണ് സംഭവം.

ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദിച്ചശേഷം കളമശ്ശേരിയിൽ ഇറക്കിവിട്ടു. പിന്നീട് ഫോണും കാറുമായി കടന്നുകളഞ്ഞു. വാഹനങ്ങളും ഹാൻസും നേരത്തേ കണ്ടെടുത്തു.

എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ വി.എൽ. ആനന്ദ്, കെ.പി. ജോണി, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ്‌ അമീർ, കെ.ബി. സജീവ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

Tags:    
News Summary - Kidnapping car and driver at gunpoint; One of the main accused has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.