ഷാർജ: എ4 പേപ്പറുകളിൽ കലർത്തി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്ത് ഷാർജ പൊലീസ്. സംഭവത്തിൽ ആറുപേരെ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരാണ് പിടിയിലായവർ. മയക്കുമരുന്നിൽ മുക്കിയെടുത്ത നാല് കിലോ എ4 പേപ്പറുകളാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ‘സ്പൈസ്’ എന്ന് പേരുള്ള മയക്കുമരുന്ന് പിടികൂടിയതെന്ന് ഷാർജ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധസേന ഡയറക്ടർ കേണൽ മാജിദ് സുൽത്താൻ അൽ ആസിം പറഞ്ഞു.
മയക്കുമരുന്ന് കടത്തിൽ പങ്കുള്ള വ്യക്തിയെക്കുറിച്ച് നേരത്തേ സൂചന ലഭിച്ചിരുന്നു. തുടർന്ന് ഷാർജ പൊലീസ് പ്രത്യേക ടീം രൂപവത്കരിച്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. അന്വേഷണത്തിൽ മറ്റ് അഞ്ചുപേർ കൂടി സംഘത്തിലുണ്ടെന്ന് കണ്ടെത്തി. രാജ്യത്തിന് പുറത്തുള്ള കണ്ണികളുടെ സഹായത്തോടെയാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നത്.
സൂക്ഷ്മമായ നിരീക്ഷണത്തിനൊടുവിൽ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ സ്റ്റിങ് ഓപറേഷനിലൂടെയാണ് ആറ് പ്രതികളെയും പിടികൂടിയതെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി തയാറാക്കിയ പല തൂക്കത്തിലുള്ള മയക്കുമരുന്നും എ4 പേപ്പറുകളും കണ്ടെത്തിയത്.
ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ഷിപ്പിങ് കമ്പനി വഴി അയച്ച തപാൽ പാക്കേജിൽ പ്രതികളിൽ ഒരാളുടെ മേൽവിലാസമാണുണ്ടായിരുന്നത്. ഇതിൽ സംശയം തോന്നിയ അന്വേഷണ സംഘം കവർ തുറന്ന് പരിശോധിച്ചപ്പോഴാണ് എ4 പേപ്പറുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇവ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയതോടെയാണ് മയക്കുമരുന്ന് അതിവിദഗ്ധമായി കലർത്തിയിട്ടുണ്ടെന്ന് ബോധ്യമായതെന്നും കേണൽ അൽ ആസിം വിശദീകരിച്ചു.
പിടിച്ചെടുത്ത മയക്കുമരുന്നും പ്രതികളെയും നിയമനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ഇത്തരം സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 8004654 എന്ന നമ്പറിലോ dea@shjpolice.gov.ae എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.