‘ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്കൂളുകളിലേക്ക് ഹിന്ദു കുട്ടികളെ അയക്കരുത്’; വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

ബംഗളൂരു: ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്കൂളുകളിലേക്ക് ഹിന്ദു കുട്ടികളെ അയക്കരുതെന്നാവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്. കർണാടകയിലെ സ്വകാര്യ കോളജിൽ അധ്യാപകനും മംഗളൂരു സർവകലാശാലയിലെ റിസർച്ച് സ്കോളറുമായ അരുൺ ഉള്ളാളിനെതിരെയാണ് വിദ്വേഷ പ്രസംഗത്തിന് കേസെടുത്തത്. മംഗളൂരുവിന് സമീപത്തെ കിന്യയിൽ നവദമ്പതികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അരുൺ. വിദ്വേഷ പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു.

ഹിന്ദുക്കൾ സ്വന്തം സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അരുൺ ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും വിവാഹ ഹാളുകളിൽനിന്നുമുള്ള വരുമാനത്തിന്റെ ഒരു ഭാഗം വിദേശത്തേക്ക് അയക്കുന്നതായും അതിനാൽ ഹിന്ദുക്കൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പ്രസംഗത്തിൽ ആരോപിച്ചിരുന്നു.

മുമ്പ് ന്യൂനപക്ഷ മാനേജ്മെന്റിന് കീഴിലുള്ള കോളജിൽ അധ്യാപകനായിരുന്ന തന്റെ വിവാഹത്തിന് അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഹാളിൽ ഇളവ് വാഗ്ദാനം നൽകിയിരുന്നെങ്കിലും താൻ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഹാൾ തെരഞ്ഞെടുക്കുകയായിരുന്നെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്. ഹിന്ദുക്കൾ സ്വന്തം സമുദായത്തിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അരുൺ, മംഗളൂരുവിലെ ഹിന്ദു വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളെ കിട്ടാൻ പ്രയാസപ്പെടുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയാണെന്നും ആരോപിച്ചിരുന്നു. 

Tags:    
News Summary - 'Hindu children should not be sent to schools run by minorities'; Case against the teacher for hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.