തൃശൂർ: മാതാവിന്റെ സഹോദരനെ കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവും കൂടാതെ 10 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഒറ്റപ്പാലം പാലപ്പുറം സ്വദേശി വിളക്കത്തറ വീട്ടിൽ അനിൽകുമാറിനെയാണ് (44) തൃശൂർ ഒന്നാം അഡീഷനൽ ജില്ല ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. 2012 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. വിയ്യൂർ ജയിലിന്റെ മുൻവശത്ത് ബാർബർ ഷോപ് നടത്തിയിരുന്ന അമ്മാവൻ സുധാകരനെ പ്രതിയും സഹോദരൻ അജിത് കുമാറും പണം ആവശ്യപ്പെട്ട് നിരന്തരം സന്ദർശിച്ചിരുന്നു. സംഭവ ദിവസം വൈകീട്ട് ബാർബർ ഷോപ്പിലെത്തിയ അനിൽകുമാറും അജിത് കുമാറും സുധാകരന് ഷേവ് ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞ് കസേരയിലിരുത്തി ഷേവ് ചെയ്യുന്നതിനിടയിൽ കഴുത്തിൽ ഷേവിങ് ട്രിമ്മറിന്റെ വയർ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മരണം ഉറപ്പിക്കാൻ ഷേവിങ് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തു. സുധാകരന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല, മോതിരം, കടയിലുണ്ടായിരുന്ന പണമടങ്ങിയ പഴ്സ് എന്നിവ എടുത്ത് കടയുടെ മുൻഭാഗം ഷട്ടർ അടച്ചിട്ട് രക്ഷപ്പെട്ടു. തുടർന്ന് കട ദീർഘനേരം അടഞ്ഞുകിടക്കുന്നത് കണ്ട് പലരും മരിച്ചയാളുടെ മക്കളെ അറിയിച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ചോരയിൽ കുളിച്ച് കിടന്ന സുധാകരനെ കണ്ടെത്തിയത്. വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയ കേസിൽ മരണാനന്തര ചടങ്ങിലടക്കം പങ്കെടുത്ത പ്രതികളെ തുടക്കത്തിൽ സംശയിച്ചില്ല. എങ്കിലും പ്രതികൾ കടയുടെ ഉള്ളിൽ ഉണ്ടായിരുന്നപ്പോൾ കണ്ട ഏതാനും ആളുകളുടെ മൊഴിയും വിരലടയാളം അടക്കമുള്ള ശാസ്തീയ തെളിവുകളും നിർണായകമായി. വിചാരണ തുടങ്ങി സാക്ഷികളെ വിസ്തരിച്ചു തുടങ്ങിയതിനുശേഷം ജാമ്യത്തിലായിരുന്ന പ്രതികളിൽ ഒന്നാം പ്രതി അജിത് കുമാർ ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെ രണ്ടാംപ്രതിയായിരുന്ന അനിൽകുമാർ ഒളിവിൽ പോയി. ഇക്കാലത്ത് ഒരു പോക്സോ കേസിൽ അനിൽകുമാറിനെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പിന്നീട് വിചാരണ തടവുകാരനായിട്ടാണ് ഈ കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ, ലിജി മധു എന്നിവർ ഹാജറായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.