അകത്ത് സ്വർണപ്പാളി ഘടിപ്പിച്ച ട്രൗസറും ടി ഷർട്ടും

സ്വർണക്കടത്തിലെ പുതുതന്ത്രം കൊടുങ്ങല്ലൂർ പൊലീസിന്‍റെ സംശയദൃഷ്ടിയിൽ പൊളിഞ്ഞു

കൊടുങ്ങല്ലൂർ: കസ്റ്റംസിന്‍റെ ആധുനിക സംവിധാനങ്ങളെ മറികടന്ന സ്വർണക്കടത്തിലെ പുതുതന്ത്രം കൊടുങ്ങല്ലൂർ പൊലീസിന്‍റെ സംശയദൃഷ്ടിയിൽ പൊളിഞ്ഞുവീണു. അങ്ങനെയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ട് വഴി കടത്തിയ 1.6 കിലോ സ്വർണം കൊടുങ്ങല്ലൂർ പൊലീസിന് പിടികൂടാനായത്. കസ്റ്റംസിന്‍റെ മെറ്റൽ ഡിറ്റക്ടറിലും സ്കാനറിലുമല്ലാം പെടാതെ കടത്തിയ സ്വർണമാണ് പുലർച്ച രണ്ടോടെ കൊടുങ്ങല്ലൂർ പൊലീസ് പരിധിയിലെ അഴീക്കോട് ജെട്ടിക്ക് സമീപം കാർ പരിശോധനക്കിടെ പിടികൂടിയത്.

ഷാർജയിൽനിന്ന്​ എത്തിയ പ്രതികളിലൊരാളായ അഴീക്കോട് സ്വദേശി സബീൽ ധരിച്ചിരുന്ന ട്രൗസറും ടി ഷർട്ടും ഡബിൾ ലയറാക്കി സ്വർണം പൗഡർ രൂപത്തിലാക്കി പശ ചേർത്ത് അകമേ ഒട്ടിച്ചിരിക്കുകയാണ്. മലദ്വാരത്തിൽ കുഴമ്പ് രൂപത്തിലുമാണ് ഒളിപ്പിച്ചിരുന്നത്. ഈ രൂപത്തിലാണ് പരിശോധന സംവിധാനങ്ങളെ മറികടന്നത്. മറ്റൊരു പ്രതിയായ മലപ്പുറത്തുനിന്നുള്ള നിഷാജ് കാറിൽ സബീലുമായി ഇയാളുടെ അഴീക്കോട്ടെ വീട്ടിൽ എത്തുകയായിരുന്നു. വീട്ടിൽവെച്ച് മലദ്വാരത്തിൽ കൊണ്ടുവന്ന സ്വർണവും സ്വർണ ട്രൗസറും ടി ഷർട്ടും സബീൽ നിഷാജിന് നൽകി. തുടർന്ന് യാത്രയായ നിഷാജ് 400 മീറ്റർ പിന്നിടും മുമ്പ്​ നൈറ്റ് പട്രാളിങ്ങിലായിരുന്ന പൊലീസിന് മുന്നിൽപെടുകയായിരുന്നു. കാറിൽ ഗിയറിനോട് ചേർന്ന് ഉണ്ടാക്കിയ പ്രത്യേക അറയിൽ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു സ്വർണ വസ്ത്രങ്ങൾ. അറയും വസ്ത്രങ്ങളുടെ അസാധാരണ കനവും പൊലീസിന് സംശയമുണ്ടാക്കി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സ്വർണക്കടത്ത് സൂചനകൾ പുറത്തുവന്നത്.

ഇതിനിടെ, നിഷാജ് പിടിയിലായതായി സൂചന ലഭിച്ച സബീൽ കുടുംബസമേതം വീടുപൂട്ടി സ്ഥലം വിട്ടു. ജി.പി.എസ് സംവിധാനമുള്ള സുഹൃത്തിന്‍റെ കാറിലാണ് സ്ഥലം വിട്ടതെന്ന് അറിഞ്ഞതോടെ പൊലീസിന് കാര്യങ്ങൾ കുറച്ച് എളുപ്പമായി. കാർ പിന്തുടർന്ന പൊലീസ് അണ്ടത്തോടുനിന്ന് സബീലിനെ പിടികൂടി. 40 പവനോളമാണ് ട്രൗസറിലും ടി ഷർട്ടിലും ഉണ്ടായിരുന്ന്. ആദ്യമാണ് നെടുമ്പാശ്ശേരിയിൽ ഇത്തരം സ്വർണക്കടത്ത് പുറത്ത് വരുന്നത്. മുമ്പും ഇത്തരം കടത്ത് നടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. സി.ഐ ബ്രിജുകുമാർ, ജി.എസ്.സി.പി.ഒ ബിനു ആന്‍റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Kodungallur police's new strategy of gold smuggling has failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.