കോഴിക്കോട്: നാല് മൃതദേഹങ്ങളുടെ പരിശോധനയിൽ സയനൈഡ് അംശം കണ്ടെത്താനാവാത്തത് പ്രമാദമായ കൂടത്തായി കൂട്ടക്കൊലക്കേസിൽ വഴിത്തിരിവാകും. കോടതി അനുമതിയോടെ മൃതദേഹ സാമ്പിൾ ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിച്ചപ്പോഴാണ് സയനൈഡിന്റെ അംശം ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഇത് കേസിനുതന്നെ തിരിച്ചടിയാവുമെന്നാണ് സൂചന.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകന് റോയ് തോമസ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ ഒന്നര വയസ്സുള്ള കുഞ്ഞ് അല്‍ഫൈൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ ഇടവേളകളിൽ മരിച്ചത്. ഇതിൽ അന്നമ്മ ഒഴികെ എല്ലാവരെയും ബന്ധുവായ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അന്നമ്മക്ക് മട്ടൻ സൂപ്പിൽ നായ്വിഷം നൽകിയെന്നായിരുന്നു സംശയം. ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെയും ജോളിയുടെ രണ്ടാം ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയുടെയും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴും സിലയുടെ മൃതദേഹ സാമ്പിൾ പിന്നീട് പുറത്തെടുത്ത് പരിശോധിച്ചപ്പോഴുമാണ് സയനൈഡ് അംശം കണ്ടെത്തിയത്.
ഇതോടെ ഇവരുടെ മരണകാരണം സയനൈഡാണെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ ജോളിക്ക് സുഹൃത്താണ് സയനൈഡ് നൽകിയതെന്നും ഇത് കോയമ്പത്തൂരിൽനിന്ന് എത്തിച്ചതാണെന്നുമുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് കിട്ടിയതോടെയാണ് എല്ലാവരെയും സയനൈഡ് നൽകിയാണ് കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലെത്തിയത്. മറ്റു നാലുപേരുടെ മൃതദേഹത്തിന്റെയും സാമ്പിളുകളുടെ ആദ്യ പരിശോധനയിൽ സയനൈഡ് അംശം കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് വീണ്ടും വിദഗ്ധ പരിശോധനക്ക് ഹൈദരാബാദിലേക്ക് അയച്ചത്.
ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ളതടക്കം മൃതദേഹങ്ങളായതിനാലാണ് സയനൈഡിന്റെ അംശം കണ്ടെത്താനാവാത്തത് എന്ന വിദഗ്ധ അഭിപ്രായം നേരത്തെ അന്വേഷണസംഘത്തിന് മുന്നിലുണ്ടായിരുന്നു. നിലവിൽ മറ്റു മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ സയനൈഡ് നൽകിയാണ് കൊലപ്പെടുത്തിയത് എന്നത് കോടതിയിൽ തെളിയിക്കലാവും പ്രോസിക്യൂഷന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതേസമയം, മൃതദേഹം ലഭിക്കാത്ത കേസുകളിൽപോലും നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നതിനാൽ സയനൈഡിന്റെ അംശം കണ്ടെത്തിയില്ലെന്നത് കേസിനെ ബാധിക്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ഫോറൻസിക് ലാബിലെ പരിശോധനയിൽ സയനൈഡിന്റെ അംശം കണ്ടെത്താത്തത് കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന റിട്ട. റൂറൽ എസ്.പി കെ.ജി. സൈമൺ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. 2002 ആഗസ്റ്റ് 22നാണ് ആട്ടിൻ സൂപ്പ് കഴിച്ചപാടെ അന്നമ്മ മരിച്ചത്. 2008 ആഗസ്റ്റ് 26ന് ഛർദിച്ച് അവശനായി ടോംതോമസും മരിച്ചു. 2011 സെപ്റ്റംബര്‍ 30ന് ഭക്ഷണം കഴിച്ചപാടെ റോയ് തോമസും പിന്നാലെ ബന്ധു മാത്യുവും തുടർന്ന് ബന്ധു ഷാജുവിന്റെ കുഞ്ഞ് അല്‍ഫൈനും ആറ് മാസത്തിന് ശേഷം അമ്മ സിലിയും മരിച്ചു. മുഖ്യപ്രതി ജോളിയെ കൂടാതെ സയനൈഡ് നൽകിയെന്ന് ആരോപണമുയർന്ന ജ്വല്ലറി ജീവനക്കാരൻ എം.എസ്. മാത്യു, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസ്യത്ത് നിർമിച്ചതായി കുറ്റം ചുമത്തിയ മനോജ് കുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.