കുമളി: രാത്രിയാത്ര അവസാനിപ്പിച്ച് ഡിപ്പോയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറുടെ പണം അടങ്ങിയ ബാഗ് മോഷണം പോയതായി പരാതി. കോട്ടയം-കുമളി റൂട്ടിൽ സർവിസ് നടത്തുന്ന ബസിന്റെ കണ്ടക്ടർ രജീഷിന്റെ (40) പക്കൽനിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. ബാഗിൽ ടിക്കറ്റ് വരുമാനമായി ലഭിച്ച 17,196 രൂപയും മറ്റ് രേഖകളും ഉണ്ടായിരുന്നതായി കുമളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കോട്ടയത്തുനിന്ന് രാത്രി 11ന് കുമളി സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം ബസ് കുളത്തുപാലത്തെ ഡിപ്പോയിലേക്ക് പോകുംവഴിയാണ് മോഷണം. ടൗണിലെ പെട്രോൾ പമ്പിനു സമീപം വാഹനം നിർത്തി ഡ്രൈവർക്കൊപ്പം കണ്ടക്ടർ ചായ കുടിക്കാൻ സമീപത്തെ പെട്ടിക്കടയിൽ എത്തി.
ചായ കുടിക്കുന്നതിനിടെ അലമാരയിൽനിന്ന് പലഹാരം എടുക്കാൻ തിരിഞ്ഞ സന്ദർഭത്തിലാണ് ബാഗ് നഷ്ടപ്പെട്ടതെന്ന് കണ്ടക്ടർ പറഞ്ഞു. കടയിലെ ഭരണികൾക്കു മുകളിലാണ് ഈ സമയം ബാഗ് വെച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.