കാക്കനാട്: ഏറെ വിവാദമായ സിറോ മലബാർ സഭ ഭൂമി വിൽപന കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് നേരിട്ട് ഹാജരാകാൻ നിർദേശം. കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രജനി മോഹനാണ് മാർ ആലഞ്ചേരിയോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടത്. ജൂലൈ ഒന്നിന് നേരിട്ട് ഹാജരാകാനാണ് നിർദേശം. അദ്ദേഹത്തിന് പുറമെ സഭയുടെ മുൻ പ്രോക്യുറേറ്ററായിരുന്ന ജോഷി പുതുവക്കും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
തൃക്കാക്കരയിലെ കരുണാലയം, ഭാരത മാത കോളജ് പരിസരങ്ങളിലെ ഭൂമിയുടെ വില്‍പനയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഉത്തരവ്. കരുണാലയ പരിസരത്തെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് ആറ് കേസും ഭാര മാത കോളജിന് സമീപത്തെ ഭൂമി സംബന്ധിച്ച് ഒരു കേസുമാണ് ഉള്ളത്. വിൽക്കാൻ അനുമതിയില്ലാത്ത ഭൂമി വിൽപന നടത്തി, സാമ്പത്തിക നഷ്ടമുണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ കേസിലാണ് കോടതി നിർദേശം. കേസില്‍ ഭൂമി ഇടപാടിൽ ഇടനിലക്കാരനായ സാജു വര്‍ഗീസ് ഹാജരായി ജാമ്യം എടുത്തിരുന്നു.
നേരത്തേ മേയ് 16ന് ഹാജരാകാന്‍ നിർദേശിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹരജി നൽകുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതിനാൽ അത്യാവശ്യ യാത്രകൾ ചെയ്യേണ്ട സാഹചര്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാന്‍ അഭ്യർഥിച്ചത്.
അതേസമയം, കര്‍ദിനാളിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി സന്ദര്‍ശിക്കുന്നുണ്ടെന്നും വാദിഭാഗം കോടതിയെ അറിയിച്ചു. കോടതിയില്‍നിന്ന് നാല് കിലോമീറ്റര്‍ മാത്രം മാറിയാണ് അദ്ദേഹം താമസിക്കുന്നതെന്നും പരാതിക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ജൂലൈ ഒന്നിന് നിർബന്ധമായും കോടതിയിൽ ഹാജരാകണമെന്നാണ് മജിസ്ട്രേറ്റിന്‍റെ നിർദേശമെന്നും അല്ലാത്ത പക്ഷം മറ്റ് നടപടികൾ നേരിടേണ്ടി വരുമെന്നും ജോഷി വര്‍ഗീസ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.