പീരുമേട്: കുട്ടിക്കാനത്ത് നിർത്തിയിട്ടിരുന്ന ലോറി മോഷ്ടിച്ച് കടത്തുന്നതിനിടെ മറിഞ്ഞു. സംഭവത്തിൽ മോഷ്ടാവ് കൊയിലാണ്ടി സ്വദേശി നിമേഷ് വിജയൻ (30) അറസ്റ്റിലായി.
തമിഴ്നാട്ടിലെ തേനിയിൽ നിന്ന് ചോളത്തട്ടയുമായി തിരുവല്ലക്ക് പോയ ലോറിയാണ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി 11.40നായിരുന്നു സംഭവം. കുട്ടിക്കാനത്ത് ചായ കുടിക്കാനായി ഇറങ്ങിയ ജീവനക്കാർ ലോറി ഓഫാക്കാതെ ഹാൻഡ് ബ്രേക്കിട്ട് ഇറങ്ങിയ തക്കത്തിന് മോഷ്ടാവ് വാഹനവുമായി കടക്കുകയായിരുന്നു. ലോറി ഇറക്കത്തേക്ക് പോകുന്നത് കണ്ട് ഹാൻഡ് ബ്രേക്ക് താനെ റിലീസായി മുന്നോട്ടുപോയതാണെന്ന് കരുതി വാഹനം നിർത്താൻ ഡ്രൈവർ സമീപം നിന്നവരുടെ സഹായം അഭ്യർഥിച്ചു. ഈസമയം സ്ഥലത്തുണ്ടായിരുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ അനീഷ്, അക്ഷയ് എന്നീ പൊലീസ് ഉദ്യോഗസ്ഥർ ഉടൻ ലോറിയെ പിന്തുടരുകയായിരുന്നു. എന്നാൽ ഇവർ എത്തുംമുമ്പേ അമിതവേഗതയിൽ പാഞ്ഞ ലോറി കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളജിന് മുമ്പിൽ മറിയുകയായിരുന്നു.
സമീപത്ത് പൊന്തക്കാട്ടിൽ ഒളിച്ചുനിന്ന മോഷ്ടാവിനെ ഇവർ രണ്ടുപേരും ചേർന്ന് കീഴടക്കി പീരുമേട് പൊലീസിന് കൈമാറുകയായിരുന്നു. കുട്ടിക്കാനത്തെ സ്വകാര്യ കോളജിൽ ഗ്ലാസ് പണിയിൽ ഏർപ്പെട്ട സുഹൃത്തുക്കളെ കാണാൻ എത്തിയതായിരുന്നു മോഷ്ടാവ്. ഇയാളുടെ പേരിൽ കൊയിലാണ്ടി പൊലീസിൽ ആറിലധികം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഒരു എക്സൈസ് ഉദ്യോഗസ്ഥനെ കുത്തിയ കേസിലും ഇയാൾ പ്രതിയാണ്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്ത് സബ് ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.