കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് അഴീക്കോട് ശാഖയിലെ ലോക്കറിൽനിന്ന് സ്വർണം നഷ്ടമായെന്ന പരാതിയും പിന്നീടുണ്ടായ പിൻവാങ്ങലും ഒടുവിൽ കോടതി കയറി. ലോക്കറിലെ സ്വർണം നഷ്ടമായെന്ന് കാണിച്ച് പൊലീസിൽ വ്യാജ പരാതി നൽകിയ സംഭവത്തിൽ ബാങ്ക് നൽകിയ ഹരജിയിൽ കേസെടുത്ത് അന്വേഷിക്കാൻ കൊടുങ്ങല്ലൂർ കോടതി ഉത്തരവിട്ടു.
ബാങ്കിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തുവെന്ന് കാണിച്ച് ബാങ്ക് ജനറൽ മാനേജർ സനൽ ചാക്കോ അഡ്വ. അൻസാർ മുഖേന സമർപ്പിച്ച ഹരജിയിൽ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കെ.എൻ. ആശയാണ് കേസെടുക്കൻ ഉത്തരവിട്ടത്.
ലോക്കറിൽനിന്ന് 60 പവൻ സ്വർണം നഷ്ടമായെന്ന് കാണിച്ച് പരാതി കൊടുക്കുകയും സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ബാങ്കിനെക്കുറിച്ച് മോശമായി ചിത്രീകരിക്കുകയും ചെയ്തുവെന്ന് ഹരജിയിൽ പറയുന്നു. ബാങ്കിനെയും സഹകരണ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രസ്താവനകൾ നടത്തുകയും ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെ സ്വർണം നഷ്ടമായെന്ന് പരാതിപ്പെട്ടവർ തന്നെ സ്വർണം അവരുടെ ബന്ധുവീട്ടിൽനിന്ന് തിരികെ ലഭിച്ചെന്നും അവിടെ മറന്നുവെച്ചതായിരുന്നുവെന്നും പറഞ്ഞ് പരാതി പിൻവലിച്ചെന്നും ബാങ്ക് ചൂണ്ടിക്കാട്ടുന്നു. പരാതി നൽകിയ സ്ത്രീകളെ എതിർകക്ഷികളാക്കിയാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.