പട്ന: ബിഹാറിൽ തട്ടിക്കൊണ്ടുപോയ മാധ്യമപ്രവർത്തകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. 22കാരനായ അവിനാശ് ഝാ അഥവാ ബുദ്ധിനാഥ് ഝായുടെ കൊലപാതകത്തിന് കാരണം ത്രികോണ പ്രണയമാെണന്നാണ് മധുബനി പൊലീസിന്‍റെ വിശദീകരണം.
പ്രാദേശിക മാധ്യമപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ അവിനാശ് ഝായെ നാലുപേരടങ്ങിയ സംഘം ദിവസങ്ങൾക്ക് മുമ്പ് വീടിന് മുമ്പിൽനിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം മധുബനി ജില്ലയിലെ റോഡരികിലെ കുറ്റിക്കാടിന് സമീപത്തുനിന്ന് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
സംഭവത്തിൽ ഇതുവരെ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. റോഷൻ കുമാർ, ബിട്ടു കുമാർ, ദീപക് കുമാർ, പവൻ കുമാർ, മനീഷ് കുമാർ, പൂർണ കലാ ദേവി എന്നിവരാണ് അറസ്റ്റിലായത്.
പൂർണ കലാദേവിയും അവിനാശും പ്രണയത്തിലായിരുന്നു. ഇവർക്കിടയിലേക്ക് പ്രതികളിലൊരാളായ പവൻ കുമാർ കടന്നുവരികയായിരുന്നു. പൂർണകലാ ദേവിയും അവിനാശും സംസാരിക്കുന്നത് പവന് ഇഷ്ടമില്ലായിരുന്നു. അവിനാശുമായി സംസാരിക്കുന്നതിൽനിന്ന് പൂർണകലാ ദേവിയെ വിലക്കുകയും ചെയ്തിരുന്നു. പവൻ കുമാറിന് പുറെമ റോഷൻ കുമാറിനും അവിനാശിനോട് ദേഷ്യമുണ്ടായിരുന്നു. ബിഹാറിലെ ബെനിപട്ടിയിൽ പരിശോധന ലാബ് നടത്തുന്നയാളാണ് റോഷൻ. ലാബ് അടച്ചുപൂട്ടിക്കുമെന്ന് അവിനാശ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. ഇരുവരും ചേർന്നാണ് അവിനാശിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.
അതേസമയം, പ്രദേശത്തെ ആശുപത്രികളും നഴ്സിങ് ഹോമുകളുമായി ബന്ധെപ്പട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. അവിനാശ് തന്‍റെ ഓൺലൈൻ വാർത്താപോർട്ടലിൽ നിരന്തരം വ്യാജ ആശുപത്രി, നഴ്സിങ് ഹോമുകളെക്കുറിച്ച് എഴുതിയിരുന്നു. ഇക്കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
രണ്ടുവർഷമായി ഓൺലൈന്‍ വാർത്താപോർട്ടൽ നടത്തുന്ന വ്യക്തിയാണ് അവിനാശ്. വിവരാവകാശ പ്രവർത്തകൻ കൂടിയായ അവിനാശ് മധുബനി ജില്ലയിലാണ് താമസം.
നവംബർ ഒമ്പത് രാത്രിമുതലാണ് അവിനാശിനെ കാണാതാകുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ രാത്രി 9.58ന് ഫോണിൽ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കാണാം. പിന്നീട് യാതൊരു വിവരവും അവിനാശിനെക്കുറിച്ച് ഇല്ലായിരുന്നു. രാവിലെ ഒമ്പതുമണിയോടെ ഫോൺ സ്വിച്ച്ഓഫായി. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
നവംബർ 12ന് അവിനാശിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. കൈയിലെ മോതിരവും കഴുത്തിലെ മാലയും വഴിയാണ് കുടുംബം മൃതദേഹം തിരിച്ചറിഞ്ഞത്. അവിനാശിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയാണെന്നാണ് പൊലീസിന്‍റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.