മുംബൈ: നവിമുംബൈയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മലയാളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മണി തോമസിനെ (74)യാണ് നെരൂൽ പൊലീസ് ശനിയാഴ്ച അറസ്റ്റ്ചെയ്തത്. നെരൂൽ റെയിൽവേ സ്റ്റേഷന് സമീപം കുടിലിൽ താമസിക്കുന്ന കുട്ടിയെയാണ് തട്ടികൊണ്ടുപോയത്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം.
സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വടാപാവ് വാങ്ങിക്കൊടുത്ത് ഒപ്പംകൂട്ടുകയായിരുന്നു. കുട്ടിയെ നെരൂലിലെ കരാവെ ഗ്രാമത്തിലെ വീട്ടിലേക്കാണ് പ്രതി കൊണ്ടുപോയത്. ജോലികഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ കുട്ടിയെ കാണാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
150 ഓളം സിസിടിവി കാമറകൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടാനായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൊടുക്കാതിരിക്കാൻ പല ഓട്ടോകളിലായി മാറികയറിയും ചിലയിടങ്ങളിൽ നടന്നുമാണ് കുട്ടിയുമായി പ്രതി വീട്ടിലെത്തിയത്. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
രണ്ടാംഭാര്യയിൽ മക്കളില്ലാത്തതിനാൽ കുഞ്ഞിനെ കൊണ്ടുവരുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. അതേസമയം കുട്ടികളെ കടത്തുന്ന സംഘവുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു. 40 വർഷങ്ങൾക്കു മുമ്പാണ് പ്രതി നവി മുംബൈയിൽ കുടിയേറിയത്. ആദ്യഭാര്യ മരിച്ചതിനെ തുടർന്ന് വീണ്ടും വിവാഹിതനാവുകയായിരുന്നു. ആദ്യഭാര്യയിൽ രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.