ന്യൂഡൽഹി: സഹപ്രവർത്തകനെ മദ്യപിക്കാൻ വിളിച്ചുവരുത്തിയശേഷം തലയറുത്ത് കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ്. മുറിച്ചെടുത്ത തല തൊട്ടടുത്ത ദിവസം രാവിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഞായറാഴ്ചയാണ് സംഭവം.
ഓട്ടോമൊബൈൽ കമ്പനിയിൽ മെഷീൻ ഒാപ്പറേറ്റായി ജോലി ചെയ്യുന്ന സന്ദീപ് മിശ്രയാണ് പ്രതി. കമ്പനിയിൽ സീനിയറായ പ്രമോദ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രമോദ് സന്ദീപിനെക്കുറിച്ച് മേൽ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലക്ക് കാരണം.
പ്രമോദ് കുമാറിനെ ഫോണിൽ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെ ഭാര്യ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കാസ്ഗഞ്ചിലാണ് പ്രമോദിന്‍റെ ഭാര്യ മീര ദേവി താമസിച്ചിരുന്നത്. ജോലി ആവശ്യങ്ങൾക്കായി പ്രമോദ് ഗാസിയാബാദിലും.
പ്രമോദിനെ അന്വേഷിച്ച് മീര ദേവി ഗാസിയാബാദിൽ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് പ്രമോദ് കുമാറിനെ അന്വേഷിച്ച് തൊട്ടടുത്ത് താമസിക്കുന്ന സന്ദീപ് മിശ്രയുടെ വീട്ടിലെത്തി. അവിടെ വീട്ടിനുള്ളിൽ രക്തം തളംകെട്ടി നിൽക്കുന്നത് പുറത്തുനിന്ന് കണ്ടതോടെ മീരദേവി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ പ്രമോദിന്‍റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തുകയായിരുന്നു. അവിടെനിന്ന് രക്ഷെപ്പടാൻ ശ്രമിക്കുന്നതിനിടെ വീടിന്‍റെ സമീപത്തുനിന്നുതന്നെ സന്ദീപിനെ പൊലീസ് പിടികൂടി. വീടിന്‍റെ 500 മീറ്റർ അകലെയുള്ള മാലിന്യകൂമ്പാരത്തിൽനിന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ പ്രമോദ് കുമാറിന്‍റെ തലയും കത്തിയും കണ്ടെടുത്തു.
പ്രമോദ് കുമാറിനെ ഞായറാഴ്ച മദ്യപിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും തുടർന്നുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. സന്ദീപ് അമിതമായി മദ്യപിച്ചിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.