കൊടുവള്ളി: മടവൂർ സി.എം മഖാമിന് സമീപുള്ള കുയ്യാണ്ടത്തിൽ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിെൻറ മരണത്തിലുള്ള ദുരൂഹത അകറ്റണമെന്ന ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്ത്. 2021 ആഗസ്റ്റ് 10നാണ്, റിട്ട. അധ്യാപകൻ മടവൂർ പള്ളിത്താഴം വെളുത്തേടത്ത് അബൂബക്കറിെൻറ മകൻ അബുൽ ഹസനെ (24) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ലഭിച്ച, ഫോറൻസിക് സർജെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് അബുൽ ഹസൻ മരിക്കുന്നതിനുമുമ്പ് ശരീരത്തിൽ മർദനമേറ്റിട്ടുണ്ടെന്ന് പറയുന്നത്. ഇതാണ് നാട്ടുകാരിലും ബന്ധുക്കളിലും മരണത്തിലെ ദുരൂഹത വർധിക്കാൻ കാരണമായത്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമെല്ലാം നല്ലതുമാത്രം പറയാനുള്ള അബുൽ ഹസൻ എങ്ങനെ കിണറ്റിൽവീണ് മരിച്ചു എന്ന ചോദ്യമായിരുന്നു ബന്ധുക്കൾ തുടക്കം മുതൽ ഉന്നയിച്ചിരുന്നത്. പഠനത്തോടൊപ്പം കോഴിക്കോട് നഗരത്തിലെ ഒാട്ടോ തൊഴിലാളിയായിരുന്ന അബുൽ ഹസൻ വീടിനടുത്തുള്ള ചാക്ക് വിതരണ കമ്പനിയിൽ ജോലിക്ക് പോവാറുമുണ്ടായിരുന്നു.
ആഗസ്റ്റ് എട്ടിന് രാത്രി പത്തിന് തെൻറ ഓട്ടോറിക്ഷയുമായി, രാമനാട്ടുകരയിൽ പോകാനുണ്ടെന്നുപറഞ്ഞ് പോയ അബുൽ ഹസൻ പിറ്റേ ദിവസമായിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കൾ കുന്ദമംഗലം പൊലീസിൻ പരാതി നൽകി. ഇതിനിടെ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് മൃതദേഹം സമീപത്തെ കിണറ്റിൽനിന്ന് കണ്ടെത്തിയത്. ഇതിനിടെ, അബുൽ ഹസൻ ഓടിച്ച ഓട്ടോറിക്ഷ സി.എം മഖാം പരിസരത്ത് നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു.
കുന്ദമംഗലം പൊലീസും നരിക്കുനിയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പൊലീസിെൻറ സാന്നിധ്യത്തിൽ കിണർ വറ്റിച്ചു. വീട്ടിൽനിന്ന് പോകുമ്പോൾ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും കുടയും കിണറ്റിൽനിന്ന് കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് അബുൽ ഹസൻ രാത്രി എങ്ങനെയെത്തി എന്നതാണ് ആളുകൾ സംശയിക്കുന്നത്. മരണത്തിലെ ദുരൂഹതയകറ്റാൻ, അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയതായി പിതാവ് അബൂബക്കർ പറഞ്ഞു.
കുന്ദമംഗലം പൊലീസ് കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ചോദ്യംചെയ്തതായാണ് വിവരം. ചിലരെ വീണ്ടും അടുത്ത ദിവസം പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.