പ്രതി ലെനിൻ

കാമുകിയുടെ മാതാപിതാക്കളെയും അമ്മൂമ്മയെയും കൊന്ന മലയാളി യുവാവിന് മരണംവരെ തടവ് ശിക്ഷ

ഊട്ടി: കാമുകിയുടെ മാതാപിതാക്കളെയും അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മലയാളി യുവാവിന് മരണംവരെ തടവ് ശിക്ഷ. വയനാട് സ്വദേശി ലെനിൻ(36)നാണ് ഊട്ടി മഹിളാ കോടതി ശിക്ഷ വിധിച്ചത്. ഗൂഡല്ലൂർ ഓവേലി പഞ്ചായത്ത് ഭാരതിനഗർ സ്വദേശി ജോയി (60), ഭാര്യ ഗിരിജ (55), അമ്മ അന്നമ്മ (72) എന്നിവരെയാണ് ലെനിൻ കൊലപ്പെടുത്തിയത്.

2014 ജൂണ് 21നാണ് ക്രൂരകൃത്യം അരങ്ങേറിയത്. ജോയിയുടെ മകൾ ​ജ്യോത്സ്ന (22) കേരളത്തിൽ പഠിക്കുന്ന സമയത്ത് ലെനിനുമായി പ്രണയത്തിലായിരുന്നു. മകൾക്ക് വേറെ വിവാഹാലോചന നടത്താൻ ജോസും കുടുംബവും തീരുമാനിച്ചതറിഞ്ഞാണ് ലെനിൻ ഭാരതിനഗരിലെ ജ്യോത്സ്നയുടെ വീട്ടിലെത്തിയത്. മകളെ തനിക്ക് വിവാഹം ചെയ്തുതരണമെന്ന് ലെനിൻ ആവശ്യപ്പെട്ടു. എന്നാൽ ജോസും കുടുംബവും സമ്മതിച്ചില്ല. ഈ വൈരാഗ്യത്തിലാണ് ജ്യോത്സ്ന അടക്കം നാലു പേരെയും തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ യുവതി പിന്നീട് രക്ഷപ്പെട്ടെങ്കിലും മറ്റുമൂന്നുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ലെനിനെ ഉടൻ തന്നെ പൊലീസും നാട്ടുകാരും സാഹസികമായി പിടികൂടുകയായിരുന്നു. ന്യൂഹോപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ലെനിൻ ജാമ്യത്തിൽ ഇറങ്ങി 5 വർഷം ഒളിവിൽ പോയി. സ്‌പെഷ്യൽ പൊലീസ് ഇയാളെ ബംഗളൂരുവിൽ വെച്ച് പിടികൂടി കഴിഞ്ഞയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.

തിങ്കളാഴ്ചയാണ് വിധി പറഞ്ഞത്. മരണംവരെ ജീവപര്യന്തം തടവും 35,000 രൂപ പിഴയുമാണ് ജസ്റ്റിസ് ശ്രീധരൻ വിധിച്ചത്. ശിക്ഷ കഴിയുന്നതുവരെ ഇളവ് നൽകരുതെന്നും ഉത്തരവിൽ പറയുന്നു. തുടർന്ന് ലെനിനെ കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Tags:    
News Summary - Man gets life imprisonment for killing parents, Grandmother of girlfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.